നഷ്ടപ്പെട്ട ആ എട്ടരവര്‍ഷം; സത്യം എന്റെ കൂടെ..! എല്ലാം മോഹന്‍ലാല്‍ അറിഞ്ഞുകൊണ്ട്; ഇന്നസെന്റും സിബി മലയിലും രാജിവയ്ക്കണമെന്ന് സംവിധായകന്‍ വിനയന്‍

vinayan

കൊച്ചി: താരസംഘടനയായ അമ്മ, സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക എന്നിവയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വിനയൻ. കോംപെറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ഫെഫ്കയുടെ ഭാരവാഹിത്വം സംവിധായകരായ സിബി മലയിലും ബി. ഉണ്ണികൃഷ്ണനും അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റും രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്ന നടൻ മോഹൻലാൽ അറിയാതെ സെക്രട്ടറി ഇടവേള ബാബു തനിക്കെതിരെ പ്രവർത്തിച്ചുവെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഇല്ലാതാക്കാൻ വരെ ഫെഫ്ക ഭാരവാഹികളുടെ നേതൃത്വത്തിൽ ശ്രമം നടന്നുവെന്നും ഇതു സംഘടനയിലുള്ളവർ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ‌ വെളിപ്പെടുത്തിയത്.

തന്‍റെ ഈ വിജയം അന്തരിച്ച നടൻ തിലകനു സമർപ്പിക്കുന്നതായി വിനയൻ പറഞ്ഞു. ഒരു സാംസ്കാരിക നായകരും തനിക്കെതിരെയുണ്ടായ വിലക്കിനെതിരെ പ്രതികരിക്കാൻ രംഗത്തെത്തിയില്ല. തനിക്കുവേണ്ടി സംസാരിച്ച സുകുമാർ അഴീക്കോടിനെഅധിക്ഷേപിക്കുകയാണുണ്ടായത്. ഒപ്പമുണ്ടെന്നു ഫോണിൽ പലരും പറഞ്ഞു. പക്ഷെ നഷ്ടപ്പെട്ട എട്ടരവർഷം തിരികെ നൽകാൻ ഇവർക്കാർക്കും സാധിക്കില്ല- വിനയൻ പറഞ്ഞു

സംവിധായകരായ ബി. ഉണ്ണികൃഷ്ണൻ, സിബി മലയിൽ, സിദ്ദിഖ്, കമൽ എന്നിവർക്കെതിരെ ശക്തമായ ആരോപണങ്ങളാണ് വിനയൻ ഉയർത്തിയത്. കമലും സിദ്ധിഖുമാണു തന്നെ വിലക്കുന്നതിനു പിന്നിലെ തലച്ചോറായി പ്രവർത്തിച്ചതെന്നു അദ്ദേഹം ആരോപിച്ചു. കമൽ, സിദ്ദിഖ് എന്നിവർ അസത്യമായ സത്യവാങ്മൂലം നൽകി കേസിൽനിന്നു രക്ഷപെട്ടിരിക്കുകയാണെന്നും വിനയൻ കുറ്റപ്പെടുത്തി.

ഇന്ന് സൂപ്പർ താരങ്ങളുടെ വാടക ഗുണ്ടകളായി പ്രവർത്തിക്കുകയാണു സംവിധായകർ. ഇവരെ കലാകാരന്മാർ എന്ന് വിളിക്കാനാവില്ല. ഇതുവരെ സൂപ്പർ താരങ്ങളും അസോസിയേഷനും പറഞ്ഞതാണു സത്യമെന്നാണു ജനങ്ങൾ കരുതിയത്. എന്നാൽ സത്യം തന്‍റെ കൂടെയാണെന്നു തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും വിനയൻ കൂട്ടിച്ചേർത്തു

Related posts