വാടകക്കാരനുമായുള്ള തർക്കത്തെത്തുടർന്ന് കാനഡയിലെ സറേയിൽ ഇന്ത്യൻ വംശജയായ ഭൂവുടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. വാടകക്കാരൻ തനിക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ബാർബിക്യൂ ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സുഹൃത്തോടൊപ്പം ഭക്ഷണം പാകം ചെയ്യുകയായിരുന്ന വാടകക്കാരൻ വീടിന് തീയിടാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചായിരുന്നു വീട്ടുടമയായ രാജ് തിവാന എന്ന സ്ത്രീ പ്രശ്നങ്ങൾ ഉണ്ടാക്കിയത്. തുടർന്ന് വാടകക്കാരൻ അറിയാതെ മുറിയുടെ പൂട്ട് മാറ്റാനും, വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനും ഇവർ ശ്രമിച്ചതായി ആരോപണമുണ്ട്. ഇതിനിടെ ഇവർ വാടകക്കാരന് നേരെ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
വീഡിയോകൾ വൈറലായതോടെ സറേ പോലീസ് സ്ഥലത്തെത്തി സ്ത്രീയെ കസ്റ്റഡിയിലെടുത്തു. ഈ വീട്ടുടമയിൽ നിന്ന് മുൻപും സമാനമായ രീതിയിൽ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മറ്റു ചിലരും സോഷ്യൽ മീഡിയയിൽ കുറിച്ചു. എന്നാൽ സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വരാനുണ്ടെന്നും ദൃശ്യങ്ങളുടെ പൂർണമായ വിവരങ്ങൾ പോലീസ് പരിശോധിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു.
