റോഡിൽ കാളകൾ തമ്മിലുണ്ടായ അടിപിടിക്കിടെ ഓടിവന്ന കാളയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തരാഖണ്ഡിലെ ഋഷികേശിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ടാക്സി കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അൻഷുൽ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. രണ്ട് കാളകൾ റോഡിന് നടുവിൽ നിന്ന് കൊമ്പ് കോർക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. വഴിയാത്രക്കാരനായ ഒരാൾ കാളകളെ ഓടിച്ച് പോര് നിർത്താൻ ശ്രമിച്ചതോടെ, ഇതിലൊരു കാള പേടിച്ചോടുകയായിരുന്നു.
റോഡിന് മറുഭാഗത്തേക്ക് ഓടിയ കാള, ആ സമയത്ത് സ്കൂട്ടറിൽ വരികയായിരുന്ന യുവതിയുടെ മേലേക്ക് ഇടിച്ചുകയറുകയായിരുന്നു. നിമിഷങ്ങൾക്കകം നടന്ന അപകടത്തിൽ യുവതിക്ക് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും നിർത്തിയിട്ടിരുന്ന കാറിലേക്ക് ഇടിച്ചു വീഴുകയുമായിരുന്നു.
യുവതിക്ക് കാര്യമായ പരിക്കുകൾ പറ്റിയിട്ടുണ്ടോ എന്ന ആശങ്കയിലാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ. ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യവും തെരുവ് മൃഗങ്ങൾ സൃഷ്ടിക്കുന്ന അപകടസാധ്യതകളും ഈ സംഭവം ഓർമ്മിപ്പിക്കുന്നതായി പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
