ഓസ്ട്രേലിയയിലെ കയാമ പൊതു ലൈബ്രറിയിൽ നിന്ന് ഏകദേശം 150 വർഷങ്ങൾക്ക് മുമ്പ് എടുത്ത അപൂർവ്വ പുസ്തകം ഒടുവിൽ തിരിച്ചെത്തി. 1858ൽ പ്രസിദ്ധീകരിച്ച ‘ആന്റിക്വിറ്റീസ് ഓഫ് ഏഥൻസ്’ എന്ന പുസ്തകം ഒരു വീടിന്റെ നവീകരണത്തിനിടെ അടച്ചിട്ട അടുപ്പിനുള്ളിലെ പെട്ടിയിൽ നിന്നാണ് കണ്ടെത്തി ലൈബ്രറിയിൽ തിരികെ ഏൽപ്പിച്ചത്.
1872ലെ ലൈബ്രറി നിയമങ്ങൾ അനുസരിച്ച് ആഴ്ചയിൽ മൂന്ന് പെൻസ് നിരക്കിൽ കണക്കാക്കിയാൽ, ഈ പുസ്തകത്തിന്റെ നിലവിലെ വൈകിയ പിഴത്തുക ഏകദേശം 19 ലക്ഷം രൂപ (28,000 ഓസ്ട്രേലിയൻ ഡോളർ) വരും. എന്നാൽ ഇത്രയും പഴയ ഒരു പുസ്തകം തിരികെ ലഭിക്കുന്നത് ലൈബ്രറിയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണെന്ന് മാനേജർ മിഷേൽ ഹഡ്സൺ പറഞ്ഞു.
1870കളിലെ ലൈബ്രറി റജിസ്റ്റർ നഷ്ടപ്പെട്ടതിനാൽ ഈ പുസ്തകം അവസാനമായി കൊണ്ടുപോയത് ആരാണെന്ന് തിരിച്ചറിയാൻ നിലവിൽ മാർഗ്ഗമൊന്നുമില്ല. മദ്യപിച്ചവർക്ക് പുസ്തകം നൽകില്ലെന്നും പഴയ കടം തീർക്കാത്തവർക്ക് പുതിയ പുസ്തകം നൽകില്ലെന്നുമുള്ള അന്നത്തെ കർശന നിയമങ്ങളാകാം പുസ്തകം തിരിച്ചേൽപ്പിക്കാൻ വൈകിയതിന് കാരണമെന്ന് കരുതപ്പെടുന്നു.
വെള്ളം കയറി ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചെങ്കിലും, ലൈബ്രറിയുടെ ആദ്യകാല ശേഖരത്തിലെ 506-ാം നമ്പർ പുസ്തകമാണിത്. ഇനി ഈ അപൂർവ്വ ഗ്രന്ഥം ആർക്കും വായ്പയായി നൽകില്ലെന്നും ലൈബ്രറിയുടെ പ്രാദേശിക ചരിത്ര ശേഖരത്തിൽ പൊതുജനങ്ങൾക്കായി പ്രദർശനത്തിന് വെക്കുമെന്നും അധികൃതർ വ്യക്തമാക്കി.
