മഹാരാഷ്ട്രയിൽ ബസ്സിൽ വെച്ച് നഷ്ടപ്പെട്ട 24,000 രൂപ രണ്ട് വർഷത്തിന് ശേഷം വയോധികയായ യാത്രക്കാരിക്ക് തിരികെ നൽകി മാതൃകയായി ഒരു ബസ് കണ്ടക്ടർ. രണ്ട് വർഷങ്ങൾക്ക് ശേഷം യാദൃച്ഛികമായി അതേ സ്ത്രീ താൻ ജോലി ചെയ്യുന്ന ബസ്സിൽ കയറിയപ്പോൾ കണ്ടക്ടർ അവരെ തിരിച്ചറിയുകയായിരുന്നു.
2024 ഏപ്രിലിലാണ് 75 കാരിയായ കസാബായ് ഗെയ്ക്വാദും രോഗിയായ ഭർത്താവും ബസ്സിൽ യാത്ര ചെയ്തത്. നാല് മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ ഇവർ മാലെഗാവ് ബസ് സ്റ്റാൻഡിൽ ഇറങ്ങി. യാത്രക്കാർ എല്ലാവരും ഇറങ്ങി കഴിഞ്ഞ ശേഷം ബസ് ഡിപ്പോയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് രാജു എന്ന കണ്ടക്ടർ സീറ്റിൽ കിടന്നിരുന്ന ചെറിയൊരു ബാഗ് കണ്ടെത്തിയത്.
ബാഗിനുള്ളിൽ 24,000 രൂപയും കസാബായ് ഗെയ്ക്വാദ് എന്ന പേരിലുള്ള ഒരു മെഡിക്കൽ കുറിപ്പടിയും ഉണ്ടായിരുന്നു. ഉടമസ്ഥർ വരുമെന്ന പ്രതീക്ഷയിൽ രാജു ബസ് സ്റ്റാൻഡിൽ ഒരു മണിക്കൂറോളം കാത്തിരിക്കുകയും എൻക്വയറി കൗണ്ടറിൽ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ ആരും അന്വേഷിച്ച് എത്തിയില്ല. മാസങ്ങൾ കഴിഞ്ഞിട്ടും പണം വാങ്ങാൻ ആളില്ലാതെ വന്നതോടെ, മെഡിക്കൽ കുറിപ്പടിയിലുണ്ടായിരുന്ന ഫോൺ നമ്പറിലേക്ക് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
രണ്ട് വർഷത്തിന് ശേഷം, രാജു ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ബസ്സിൽ ഈ വയോധിക വീണ്ടും കയറി മാലെഗാവിലേക്കുള്ള ടിക്കറ്റ് ചോദിച്ചു. 75 വയസ്സിന് മുകളിലുള്ളവർക്ക് ബസ് യാത്ര സൗജന്യമായതിനാൽ, പ്രായം തെളിയിക്കുന്ന തിരിച്ചറിയൽ രേഖ കാണിക്കാൻ രാജു അവരോട് ആവശ്യപ്പെട്ടു. തുടർന്ന് രേഖയിലെ പേര് കണ്ടതോടെ കണ്ടക്ടർ അത്ഭുതപ്പെട്ടു.
ഉടൻ തന്നെ അവരോട് സംസാരിക്കുകയും രണ്ടു വർഷം മുമ്പ് തുക നഷ്ടപ്പെട്ടത് ഇവർക്കാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. തുടർന്ന് ഇവരെ ബസ് ഡിപ്പോയിൽ എത്തിച്ച് മുതിർന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ആവശ്യമായ പരിശോധനകൾക്ക് ശേഷം തുക മുഴുവനായി കസാബായിക്ക് കൈമാറി. പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷ പൂർണമായും ഉപേക്ഷിച്ചിരുന്ന അവർ കണ്ടക്ടർക്ക് നന്ദി അറിയിക്കുകയും സ്നേഹസൂചകമായി 1,100 രൂപ സമ്മാനമായി നൽകുകയും ചെയ്തു.
