ബംഗളൂരുവിൽ നിന്നുള്ള ഒരു ട്രെൻഡിംഗ് സംഭവമാണിപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചിരി പടർത്തുന്നത്. എഐ ട്രാഫിക് കാമറയ്ക്ക് പറ്റിയ അബദ്ധമാണിത്. സൗവിക് എന്ന മ്യുസീഷ്യൻ തന്റെ ഗിത്താറുമായി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു. എന്നാൽ അദ്ദേഹം വീട്ടിൽ എത്തുന്നതിനു മുൻപ്തന്നെ ഫൈൻ അടിച്ച് കൈയിൽ കൊടുത്ത് ബംഗളൂരു ട്രാഫിക് പൊലിസ്. ആദ്യം യുവാവ് ഇത് കണ്ടൊന്ന് ഞെട്ടിപ്പോയെങ്കിലും പിന്നീടാണ് ഫൈനിലെ സത്യാവസ്ഥ മനസിലാക്കിയത്.
യുവാവ് ഗിത്താറുമായിപോവുന്നത് പക്ഷേ എഐ കാമറയിൽ പതിഞ്ഞത് ഹെൽമെറ്റില്ലാതെ വണ്ടിക്ക് പിന്നിലിരിക്കുന്ന മറ്റൊരു യാത്രികനായിട്ടാണ്. ഉടൻതന്നെ സൗവിക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചു. തനിക്ക് കിട്ടിയ അബദ്ധത്തിലുള്ള ചെല്ലാൻ കാണിച്ച് ബംഗളൂരു ട്രാഫിക് പൊലിസിനെ ടാഗ് ചെയ്യുകയും ഫൈൻ കാൻസൽ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സംഭവം ശ്രദ്ധയിൽപ്പെട്ട ബംഗളൂരു ട്രാഫിക് പൊലിസ്, ചെല്ലാൻ കാൻസൽ ചെയ്യാൻ നടപടി സ്വീകരിക്കാമെന്ന് മറുപടി നൽകി പ്രശ്നം പരിഹരിച്ചു. എന്നാൽ ഇക്കാര്യം സോഷ്യൽ മീഡിയയിൽ എത്തിയതോടെ സംഗതി പൂർണമായും വൈറൽ ട്രോളായി മാറി. ഗിത്താറിനെ “അപൂർവ പിൻസീറ്റ് യാത്രികൻ” എന്ന് വിശേഷിപ്പിച്ചും, “റോഡ് നിയമങ്ങൾ പഠിപ്പിക്കുന്നതിന് മുൻപ് AI-ക്ക് ആദ്യം സംഗീതം പഠിപ്പിച്ചു കൊടുക്കണം” എന്നുമൊക്കെയുള്ള കമന്റുകളുമായി നെറ്റിസൺസ് ആഘോഷമാക്കുകയാണിപ്പോൾ.
