മാസം രണ്ട് ലക്ഷം രൂപ ശമ്പളവും യാതൊരു കടബാധ്യതകളുമില്ലിരുന്നിട്ടും താൻ ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് വെളിപ്പെടുത്തി 26 കാരനായ ടെക് യുവാവ്. റെഡ്ഡിറ്റിൽ പങ്കുവെച്ച ഈ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. കടലാസിൽ സാമ്പത്തിക ഭദ്രതയുണ്ടെങ്കിലും പണത്തെക്കുറിച്ചുള്ള ആധിയും താൻ ആർജ്ജിച്ച നേട്ടങ്ങളിൽ സംതൃപ്തിയില്ലാത്ത അവസ്ഥയുമാണ് തനിക്കുള്ളതെന്ന് യുവാവ് വ്യക്തമാക്കുന്നു.
പ്രതിമാസ കുടുംബ വരുമാനം 6,000-7,000 രൂപയിൽ കവിയാത്ത ഒരു കുടുംബത്തിൽ നിന്നാണ് യുവാവ് വളർന്നുവന്നത്. 21-ാം വയസ്സിൽ ജോലിയിൽ പ്രവേശിച്ചതുമുതൽ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മാറ്റിയെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റ ലക്ഷ്യം. നിലവിൽ മാതാപിതാക്കളെ ജോലിയിൽ നിന്ന് ഒഴിവാക്കി സ്വന്തം നാട്ടിലെ ഫ്ലാറ്റിലേക്ക് മാറ്റുകയും, താൻ ബംഗളൂരുവിൽ മറ്റൊരു 2ബിഎച്ച്എകയിലാണ് താമസിക്കുന്നത്.
എല്ലാ മാസവും 30,000 രൂപ മ്യൂച്വൽ ഫണ്ടുകളിലും, 10,000 രൂപ ഫിക്സഡ്/റെക്കറിങ് ഡെപ്പോസിറ്റുകളിലും, 10,000 രൂപ സ്വർണ നിക്ഷേപമായും മാറ്റിവെക്കുന്നു. കൂടാതെ മാതാപിതാക്കൾക്കായി 15,000-20,000 രൂപയും നൽകുന്നു. വാടകയും മറ്റ് ചിലവുകളും 25,000 രൂപയോളം വരും. 2021 മുതൽ സ്റ്റോക്കുകളിൽ 4 ലക്ഷം രൂപയും, എഫ്ഡിയിൽ 2 ലക്ഷം രൂപയും, സ്വർണത്തിൽ 2-2.5 ലക്ഷം രൂപയും, സാലറി അക്കൗണ്ടിൽ 6 ലക്ഷം രൂപയും അദ്ദേഹം സ്വരൂകൂട്ടിയിട്ടുണ്ട്.
വിവാഹം വരാനിരിക്കെ 10 ലക്ഷം രൂപയെങ്കിലും ചെലവ് പ്രതീക്ഷിക്കുന്നു. കൂടാതെ ഒരു ഉപയോഗിച്ച കാർ വാങ്ങുക, നാട്ടിൽ സ്ഥലം വാങ്ങുക, മോട്ടോർസൈക്കിൾ വാങ്ങുക തുടങ്ങിയ ലക്ഷ്യങ്ങളുമുണ്ട്. പണമില്ലാത്തതല്ല പ്രശ്നം, എല്ലാ ആഗ്രഹങ്ങളും ഒരേസമയം സാധ്യമാക്കാൻ കഴിയില്ലെന്ന തോന്നലാണ് തന്നെ അലട്ടുന്നതെന്ന് അദ്ദേഹം പറയുന്നു.
തന്റെ സുഹൃത്തുക്കൾ ലേബർമാരോ ഓട്ടോ ഡ്രൈവർമാരോ ആയിരുന്നിട്ടും തങ്ങളെക്കാൾ സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ താൻ പിന്തള്ളപ്പെട്ടുപോയോ എന്ന് തോന്നുണ്ടെന്നും എന്നാൽ സാമ്പത്തിക സാക്ഷരതയുള്ളതിനാൽ താൻ കടം വാങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും യുവാവ് കൂട്ടിച്ചേർത്തു.
