ജോലി സമയത്തിന് 10 മിനിറ്റ് മുമ്പ് ഓഫീസിൽ നിന്ന് ഇറങ്ങിയതിന് കമ്പനി സിഇഒയുടെ നേരിട്ടുള്ള സന്ദേശവും ഫോൺ കോളും ലഭിച്ചതായി ഒരു ജീവനക്കാരന്റെ വെളിപ്പെടുത്തൽ. റെഡ്ഡിറ്റിൽ പങ്കുവെച്ച ഈ കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ജോലിസ്ഥലത്തെ സൂക്ഷ്മപരിശോധനയും ഇരട്ടത്താപ്പും ചോദ്യം ചെയ്തുകൊണ്ടാണ് ഈ കുറിപ്പ് പുറത്തുവന്നിരിക്കുന്നത്.
ഔദ്യോഗിക ജോലി സമയം അവസാനിക്കുന്നതിന് 10 മിനിറ്റ് മുമ്പ് ഓഫീസിൽ നിന്ന് ഇറങ്ങിയതിനാണ് ജീവനക്കാരന് സിഇഒയുടെ ഫോൺ കോളും സന്ദേശവും ലഭിച്ചത്.
മാനേജർമാർ മണിക്കൂറുകളോളം ഇടവേളകളെടുക്കുമ്പോഴും മറ്റ് സഹപ്രവർത്തകർ 30 മിനിറ്റ് മാറിനിൽക്കുമ്പോഴും ചോദ്യം ചെയ്യാനില്ല. എന്നാൽ ശരിയായ രീതിയിൽ ഇടവേള പോലും എടുക്കാത്ത താൻ അല്പം നേരത്തെ ഇറങ്ങിയപ്പോൾ മാത്രം നടപടിയുണ്ടായെന്ന് ജീവനക്കാരൻ വ്യക്തമാക്കുന്നു.
കമ്പനി ഇതിനുമുമ്പും ജീവനക്കാരെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വന്തം പണം മുടക്കാൻ ആവശ്യപ്പെടുകയും, നിരന്തരമായ ഫോളോ-അപ്പുകൾക്ക് ശേഷം 17 ദിവസങ്ങൾ കഴിഞ്ഞാണ് പണം തിരികെ നൽകിയതെന്നും ജീവനക്കാരൻ പറയുന്നു.
ശമ്പളമില്ലാത്ത ഒരു സോഷ്യൽ മീഡിയ ഇന്റേണിനെ ജോലിക്ക് എടുക്കണമെന്ന് സൂപ്പർവൈസർ നിരന്തരം സമ്മർദ്ദം ചെലുത്തിയതായും ആക്ഷേപമുണ്ട്.ആരെയും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ വീഡിയോ പ്രൊഡക്ഷനും സോഷ്യൽ മീഡിയ കണ്ടന്റുകളും പൂർണമായി താൻ തന്നെ ഒറ്റയ്ക്ക് ചെയ്യേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും ജീവനക്കാരൻ വെളിപ്പെടുത്തി.
സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചയ്ക്കാണ് ഈ സംഭവം തുടക്കമിട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ടോക്സിക് വർക്ക് പ്ലേസുകളിൽ നിന്ന് എത്രയും പെട്ടെന്ന് മാറി നിൽക്കണമെന്നാണ് ഭൂരിഭാഗം നെറ്റിസൺമാരുടെയും അഭിപ്രായം.
