കൊച്ചി: എറണാകുളം ജില്ലയില്‍ നിരവധി പേര്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പുഴയിൽ മലിനീകരണം രൂക്ഷം. കളമശേരി എടയാര്‍ വ്യവസായ മേഖലയില്‍ പെരിയാര്‍ നദിയിലേക്ക് മാലിന്യം വീണ്ടും തള്ളുന്നതായാണ് പരാതി. പെരിയാറില്‍ പാളി പോലെ മാലിന്യങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ ഫാക്ടറികളില്‍ നിന്നും മാലിന്യം തള്ളുന്നതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിച്ചു. മലിനീകരണം തടയാനായി കര്‍ശന നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുഴയിലേക്ക് മാലിന്യം ഒഴുക്കിയിരിക്കുന്നത്.
നെയ്യ് കലര്‍ന്ന അറവ് മാലിന്യങ്ങളാണ് കമ്പനികളില്‍ നിന്ന് പുഴയിലേക്ക് തള്ളിയിരിക്കുന്നത്. ഇതുമൂലം എടയാര്‍ മേഖലയില്‍ രൂക്ഷമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. വിഷയത്തില്‍ നിരന്തരം പരാതി ഉന്നയിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ട നടപടി ഉണ്ടായിട്ടില്ല എന്നാണ് ആരോപണം.
