സ്റ്റാർട്ടപ്പ് വിജയങ്ങളുടെ തിളക്കത്തിന് പിന്നിൽ പലപ്പോഴും വലിയ വ്യക്തിപരമായ ത്യാഗങ്ങളുണ്ട്. തന്റെ കമ്പനി കെട്ടിപ്പടുക്കുന്നതിനായി ആരോഗ്യവും കുടുംബജീവിതവും മാനസികസമാധാനവും മാറ്റിവെക്കേണ്ടി വന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അമേരിക്കയിലെ ഇന്ത്യൻ വംശജനായ ഒരു ടെക് സംരംഭകൻ. ഉത്കർഷ് നന്ദ എന്ന ചെറുപ്പക്കാരൻ പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഒരു ചെറിയ മുറിയിലിരുന്ന് മണിക്കൂറുകളോളം ഒറ്റയ്ക്ക് ജോലി ചെയ്യുന്ന തന്റെ ദൈനംദിന ജീവിതമാണ് ഉത്കർഷ് വീഡിയോയിലൂടെ കാണിച്ചുതരുന്നത്. ബിസിനസ്സ് വളർത്തുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി തനിക്ക് സ്വന്തം മാതാപിതാക്കളെ കാണാൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.
കഠിനമായ ജോലിഭാരം അദ്ദേഹത്തിന്റെ ആരോഗ്യത്തെയും സാരമായി ബാധിച്ചു. മുറിയിൽ കുന്നുകൂടിക്കിടക്കുന്ന ഡയറ്റ് കൊക്കകോള കുപ്പികൾ കാണിച്ചുകൊണ്ട്, ക്രമം തെറ്റിയ ജീവിതശൈലി കാരണം കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ തനിക്ക് 20 കിലോയിലധികം ഭാരം കൂടിയതായി അദ്ദേഹം പറഞ്ഞു. “ഒരു 10 ലക്ഷം ഡോളർ നിക്ഷേപത്തിന് മാത്രമേ ഇനി എന്റെ ആത്മാവിനെ രക്ഷിക്കാനാകൂ,” എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
ഉത്കർഷ് വികസിപ്പിച്ചെടുക്കുന്ന ‘മൈൻഡ്ഹബ്’ എന്ന പ്ലാറ്റ്ഫോമിനെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. ആളുകളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംഭാഷണങ്ങൾ ഒരു വിഷ്വൽ ക്യാൻവാസിൽ ക്രമീകരിക്കാനും അറിവുകൾ ശേഖരിക്കാനും ഇത് സഹായിക്കും. ചാറ്റ് ജിപിടിയുടെയും ലിങ്ക്ഡ്ഇന്റെയും ഒരു സംയോജിത രൂപമായി ഇതിനെ മാറ്റുകയാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്കർഷിന്റെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. ഒരു കമ്പനി പൂജ്യത്തിൽ നിന്ന് കെട്ടിപ്പടുക്കുമ്പോൾ അനുഭവിക്കേണ്ടി വരുന്ന ഏകാന്തതയും മാനസിക സമ്മർദ്ദവും തങ്ങളും നേരിടുന്നുണ്ടെന്ന് നിരവധി യുവ സംരംഭകർ കുറിച്ചു. സഹാനുഭൂതിയോടെയും തമാശരൂപേണയുമുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
