വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ കെട്ടിപ്പടുത്ത കോർപ്പറേറ്റ് ജോലി ഒറ്റ ദിവസംകൊണ്ട് തകർന്നുപോയ പേര് വെളിപ്പെടുത്താത്ത മുംബൈ സ്വദേശിയുടെ അനുഭവം പങ്കുവച്ച് യുവതി. റാഞ്ചിയിൽ നിന്ന് ബംഗളൂരു വിമാനത്താവളത്തിലേക്ക് തന്നെ കൊണ്ടുപോയ ടാക്സി ഡ്രൈവറുടെ അനുഭവമാണ് സോഷ്യൽ മീഡിയയിലൂടെ അഞ്ജലി പങ്കുവച്ചത്.
25 വർഷത്തോളം കോർപ്പറേറ്റ് മേഖലയിൽ ഉന്നത പദവികളിൽ ജോലി ചെയ്തിരുന്ന യുവാവാണ് ദുരനുഭവത്തിന് ഇരയായത്. സഹപ്രവർത്തകരുടെ കള്ളപ്പരാതികളും കടുത്ത ഓഫീസ് രാഷ്ട്രീയവും മൂലം അദ്ദേഹത്തിന് തന്റെ കരിയർ പൂർണമായും നഷ്ടപ്പെടുകയായിരുന്നു. സംഭവത്തിൽ നിയമപോരാട്ടം തുടരുകയാണെങ്കിലും കേസ് കോടതിയുടെ പരിഗണനയിലായതിനാൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ നിലവിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ്. മുൻപ് ലഭിച്ചിരുന്ന ശമ്പളത്തിന്റെ നാലിലൊന്ന് തുക മാത്രമാണ് നിലവിൽ ഇദ്ദേഹത്തിന് ലഭിക്കുന്നത്. ഇത് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ട് നമ്മൾ കെട്ടിപ്പടുക്കുന്ന കരിയർ ചിലപ്പോൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ തകർന്നു വീണേക്കാം. എന്നാൽ, നിങ്ങളുടെ ജോലിയല്ല നിങ്ങളുടെ വ്യക്തിത്വം തീരുമാനിക്കുന്നത്. അടിയന്തര സാഹചര്യങ്ങൾക്കായി എപ്പോഴും സമ്പാദ്യം കരുതിവയ്ക്കുക. പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുക. ജോലിസ്ഥലത്തിന് അപ്പുറത്തേക്ക് നല്ല സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുക.’-യുവതി കുറിച്ചു.
കരിയർ നഷ്ടപ്പെട്ട യുവാവിന്റെ അനുഭവം മറ്റുള്ളവർക്കും വലിയ പാഠമാണെന്ന് അഞ്ജലി ചൂണ്ടിക്കാട്ടുന്നു. ജീവനക്കാർ എപ്പോഴും സാമ്പത്തിക സുരക്ഷിതത്വത്തിനായി എമർജൻസി ഫണ്ട് മാറ്റിവയ്ക്കണമെന്നും, സഹപ്രവർത്തകരോട് മനുഷ്യത്വത്തോടെ പെരുമാറണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് അഞ്ജലി കുറിപ്പ് അവസാനിപ്പിച്ചത്. നമ്മൾ മറ്റുള്ളവരോട് പെരുമാറുന്ന രീതി ചിലപ്പോൾ ഒരാളുടെ ജീവിതത്തെ തന്നെയാകും മാറ്റിമറിക്കുകയെന്നും അഞ്ജലി കൂട്ടിച്ചേർത്തു.
