കനത്ത ഗതാഗതക്കുരുക്കിന്റെയും ഉയർന്ന വീട്ടുവാടകയുടെയും പേരിൽ പലപ്പോഴും വാർത്തകളിൽ നിറയാറുള്ള നഗരമാണ് ബംഗളൂരു. എന്നാൽ, എല്ലാ പോരായ്മകൾക്കുമപ്പുറം ബംഗളൂരുവിനെ ‘ഇന്ത്യയുടെ യൂറോപ്പ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഒരു യുവതി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. നഗരത്തിലെ കാലാവസ്ഥയും പ്രകൃതിഭംഗിയും തൊഴിലവസരങ്ങളുമാണ് ബംഗളൂരുവിനെ മറ്റ് നഗരങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നതെന്ന് യുവതി വീഡിയോയിൽ വ്യക്തമാക്കുന്നു.
തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തനിക്ക് ബംഗളൂരു നഗരത്തോട് തോന്നിയ പ്രത്യേക അടുപ്പത്തെക്കുറിച്ചാണ് യുവതി ഇതിൽ സംസാരിക്കുന്നത്. ഇന്ത്യയിൽ യൂറോപ്പിന് സമാനമായ ഒരു നഗരമുണ്ടെങ്കിൽ അത് ബംഗളൂരുവാണെന്ന് യുവതി അവകാശപ്പെടുന്നു.
താൻ പറയുന്നത് കേൾക്കുമ്പോൾ പലർക്കും ഇത് അതിശയോക്തിയായി തോന്നാമെന്നും എന്നാൽ താൻ ഇന്ത്യയിലെ നിരവധി നഗരങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു. പ്രകൃതിഭംഗിയുള്ള ഒട്ടനവധി നഗരങ്ങൾ രാജ്യത്തുണ്ടെങ്കിലും, എല്ലാ സൗകര്യങ്ങളും ഒരിടത്ത് ഒത്തുചേരുന്ന ഏക നഗരം ബംഗളൂരുവാണെന്നാണ് യുവതിയുടെ പക്ഷം.
മികച്ച തൊഴിലവസരങ്ങളും അതിനോടൊപ്പം തന്നെ മനോഹരമായ കാലാവസ്ഥയുമാണ് ബംഗളൂരുവിന്റെ പ്രധാന ആകർഷണം. നഗരത്തിലെ കനത്ത ഗതാഗതക്കുരുക്ക് വലിയൊരു പ്രശ്നം തന്നെയാണ്. എങ്കിൽപ്പോലും ഇവിടുത്തെ കുളിർമയുള്ള സുഖകരമായ കാലാവസ്ഥ ആ ബുദ്ധിമുട്ടുകളെയെല്ലാം മറക്കാൻ സഹായിക്കുമെന്നും യുവതി കൂട്ടിച്ചേർത്തു. താൻ എപ്പോഴും ബംഗളൂരുവിനെ പ്രണയിക്കുന്നുവെന്നും ഇവിടുത്തെ അന്തരീക്ഷവുമായി താൻ അത്രമേൽ അടുത്തുപോയെന്നുമാണ് വീഡിയോയുടെ അടിക്കുറിപ്പായി യുവതി എഴുതിയിരിക്കുന്നത്.
എല്ലാ കാര്യങ്ങളും വിലയിരുത്തി ബംഗളൂരുവിന് അഞ്ചിൽ അഞ്ച് മാർക്കും യുവതി നൽകുന്നുണ്ട്. തൊഴിലിനായി ബംഗളൂരുവിലേക്ക് കുടിയേറുകയും പിന്നീട് ഈ നഗരത്തോട് വൈകാരികമായി അടുക്കുകയും ചെയ്യുന്ന ഭൂരിഭാഗം ആളുകളുടെയും പ്രതിഫലനമാണ് ഈ വീഡിയോ. യുവതിയുടെ അഭിപ്രായത്തെ പിന്തുണച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
