ചരിത്രത്തിൽ സ്വന്തം പേര് സ്വർണ്ണലിപികളിൽ എഴുതിച്ചേർക്കാൻ വേറിട്ടൊരു വഴി തെരഞ്ഞെടുത്ത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഒരു ഓസ്ട്രേലിയൻ സ്വദേശി. ലോകത്തിലെ ഏറ്റവും നീളമേറിയ പേരുള്ള വ്യക്തി എന്ന ഗിന്നസ് വേൾഡ് റിക്കാർഡ് സ്വന്തമായിരിക്കുകയാണ് മുൻ ലൈബ്രറി ജീവനക്കാരനായ ലോറൻസ് വാട്കിൻസ്. അവിശ്വസനീയമെന്ന് തോന്നാമെങ്കിലും, 2,253 ആദ്യപ്പേരുകളാണ് ഇദ്ദേഹത്തിന്റെ ഔദ്യോഗിക നാമത്തിലുള്ളത്!
1990 മാർച്ചിലാണ് ഈ അസാധാരണ യാത്രയുടെ തുടക്കം. തനിക്ക് തകർക്കാൻ കഴിയുന്ന ഒരു വേൾഡ് റിക്കാർഡ് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വാട്കിൻസ് ഗിന്നസ് ബുക്ക് മുഴുവനായി വായിച്ചുതീർത്തു. അങ്ങനെയാണ് പേരുകളുടെ വിഭാഗത്തിലെ റെക്കോർഡ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് തന്റെ പേര് നിയമപരമായി മാറ്റാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
താൻ ജോലി ചെയ്തിരുന്ന ലൈബ്രറിയിലെ ആയിരക്കണക്കിന് പുസ്തകങ്ങളിൽ നിന്നാണ് അദ്ദേഹം ഈ പേരുകളെല്ലാം കണ്ടെത്തിയത്. ഇതിനായി അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഒപ്പം കൂടി. വ്യത്യസ്തവും സവിശേഷവുമായ പേരുകൾ തിരഞ്ഞെടുക്കാൻ അവരും വാട്കിൻസിനെ സഹായിച്ചു. ഗിന്നസ് റിക്കാർഡ്സ് വിവരങ്ങൾ പ്രകാരം, നിയമപരമായ രേഖകളുടെ എല്ലാ പരിധികളും ലംഘിക്കുന്നതായിരുന്നു ഇത്രയും വലിയ പേര്.
ഈ റിക്കാർഡ് നേട്ടം അദ്ദേഹത്തിന് ആഗോളതലത്തിൽ വലിയ പ്രശസ്തി നേടിക്കൊടുത്തുവെങ്കിലും, വ്യക്തിജീവിതത്തിൽ തികച്ചും അസാധാരണമായ ചില വെല്ലുവിളികളും ഉയർത്തി. വാട്കിൻസിന്റെ വിവാഹദിവസമായിരുന്നു ഇതിൽ ഏറ്റവും രസകരമായ സംഭവം.
വിവാഹം നിയമപരമായി സാധുവാകണമെങ്കിൽ വരന്റെ പൂർണ്ണമായ പേര് മന്ത്രങ്ങൾക്കൊപ്പം ചൊല്ലണമായിരുന്നു. ഇതിനായി വിവാഹ കാർമ്മികന് മറ്റ് ചടങ്ങുകളെല്ലാം നിർത്തിവെച്ച്, സദസ്സിന് മുന്നിൽ തുടർച്ചയായി 20 മിനിറ്റോളമാണ് ലോറൻസിന്റെ മുഴുവൻ പേരും വായിക്കാൻ വേണ്ടി മാത്രം ചിലവഴിക്കേണ്ടി വന്നത്!
പേര് മാറ്റി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും, ഈ കൂറ്റൻ പേര് ഇപ്പോഴും ഒരു വലിയ കടമ്പയായി തുടരുകയാണെന്ന് ഈ റിക്കാർഡ് ജേതാവ് സമ്മതിക്കുന്നു. തന്റെ 2,253 പേരുകളും പൂർണമായി കൃത്യമായ ഉച്ചാരണത്തോടെ പറയാൻ തനിക്ക് ഇന്നും സാധിക്കാറില്ലെന്നാണ് ലോറൻസ് വാട്കിൻസ് തുറന്നുപറയുന്നത്. എങ്കിലും, ആഗോള റിക്കാർഡുകളുടെ ചരിത്രത്തിൽ വേറിട്ടൊരു സ്ഥാനം നേടാനായതിന്റെ സന്തോഷത്തിലാണ് ഈ ഓസ്ട്രേലിയൻ സ്വദേശി.
