പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളുടെ കയ്യടി നേടുകയാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ടപ്പ് കമ്പനി. തങ്ങളുടെ ടീമിലെ ഭൂരിഭാഗം അംഗങ്ങളെക്കാളും പ്രായമുള്ള, 64 വയസുകാരനായ ഒരു മുതിർന്ന വ്യക്തിയെ ഇന്റേൺ ആയി നിയമിച്ചുകൊണ്ടാണ് ഹോബി ട്രൈബ് എന്ന കമ്പനി ശ്രദ്ധേയമാകുന്നത്.
കമ്പനിയുടെ സ്ഥാപകനായ ജോഷ്വ സാലിൻസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് ഈ അപൂർവ്വ നിമിഷം പുറംലോകം അറിഞ്ഞത്. നിങ്ങളുടെ സ്റ്റാർട്ടപ്പിൽ 64 വയസ്സുള്ള ഒരു ഇന്റേൺ ഉള്ളപ്പോൾ…എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് തരംഗമായത്.
ഓഫീസിലെ തന്റെ ഡെസ്കിലിരുന്ന് ലാപ്ടോപ്പിൽ സജീവമായി ജോലി ചെയ്യുന്നതും, പ്രായ വ്യത്യാസമില്ലാതെ സഹപ്രവർത്തകരുമായി ആശയവിനിമയം നടത്തുന്നതുമാണ് വീഡിയോയിലുള്ളത്. വർഷങ്ങളുടെ ബിസിനസ് പരിചയവും നേതൃത്വപാടവവുമുള്ള ഈ മുതിർന്ന ഇന്റേണിന്റെ സാന്നിധ്യം കമ്പനിക്ക് വലിയ നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് ജോഷ്വ വ്യക്തമാക്കുന്നു.
ബിസിനസ്സുകൾ കെട്ടിപ്പടുക്കുന്നതിലും വളർത്തുന്നതിലുമുള്ള അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത അറിവ് യുവതലമുറയ്ക്ക് വലിയ പാഠമാണ്. ഞങ്ങളുടെ ഓഫീസിലേക്ക് 64കാരനായ ഒരു ഇന്റേൺ എത്തിയത് ഹോബി ട്രൈബ് എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നാണെന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പ്രായത്തിന്റെ അതിർവരമ്പുകൾക്കപ്പുറം കഴിവിനെയും ജിജ്ഞാസയെയും അംഗീകരിച്ച കമ്പനിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ആവശ്യത്തിന് വേണ്ടിയല്ല, മറിച്ച് പുതിയ കാര്യങ്ങൾ പഠിക്കാനും സജീവമായിരിക്കാനുമുള്ള ആഗ്രഹമാണ് ഈ പ്രായത്തിലും അദ്ദേഹത്തെ നയിക്കുന്നതെന്ന് ആളുകൾ കമന്റ് ചെയ്തു.
