ബംഗളൂരു: പുതിയ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച ജീവനക്കാരിക്ക് ലഭിച്ച സ്വാഗത സമ്മാനത്തെക്കുറിച്ചുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സാധാരണയായി ലഭിക്കാറുള്ള കോഫി മഗ്ഗുകളോ വൗച്ചറുകളോ പ്രതീക്ഷിച്ചെത്തിയ മനീഷ ദുബെ എന്ന ബ്രാൻഡ് സ്ട്രാറ്റജിസ്റ്റിന് കമ്പനി നൽകിയത് ഒരു ‘ഗാർബേജ് ബാഗ് ആയിരുന്നു.
ആദ്യം ഒന്ന് അമ്പരന്നെങ്കിലും, ഈ സമ്മാനം എത്രത്തോളം ഉപകാരപ്രദമാണെന്ന് മനീഷ തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ തമാശരൂപേണ പങ്കുവെക്കുകയായിരുന്നു. പുതിയ നഗരത്തിലേക്ക് താമസം മാറി, ജീവിതം ക്രമീകരിച്ചു വരുന്ന തനിക്ക് പരമ്പരാഗത കോർപ്പറേറ്റ് സമ്മാനങ്ങളേക്കാൾ എത്രയോ പ്രായോഗികമായ ഒന്നാണ് ഈ ബാഗെന്ന് മനീഷ പറയുന്നു. ബാംബ്രൂ എന്ന തന്റെ പുതിയ കമ്പനിയുടെ ഈ വേറിട്ട ചിന്തയെ അവർ അഭിനന്ദിച്ചു.
പല കമ്പനികളും സുസ്ഥിരതയെയും പരിസ്ഥിതി സംരക്ഷണത്തെയും കുറിച്ച് സംസാരിക്കുമെങ്കിലും, സമ്മാനങ്ങൾ നൽകുന്നത് അനാവശ്യമായ പ്ലാസ്റ്റിക് പാക്കിംഗുകളിലാണ്. എന്നാൽ ബാംബ്രൂ നൽകിയത് തികച്ചും പ്രായോഗികവും അവരുടെ പരിസ്ഥിതി സൗഹൃദ മൂല്യങ്ങൾക്ക് ചേരുന്നതുമായ ഒന്നാണെന്ന് മനീഷ വ്യക്തമാക്കുന്നു.
ഉറപ്പുള്ളതും, ചോർച്ചയില്ലാത്തതും പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തവുമായ ഈ ബാഗ് തന്റെ ദൈനംദിന ജീവിതത്തിൽ ഏറെ സഹായിക്കുമെന്നും, ഇതോടെ തന്റെ ‘പരിസ്ഥിതി സൗഹൃദ കാലഘട്ടത്തിന്’ തുടക്കമായെന്നും മനീഷ തമാശയായി കുറിച്ചു.
മനീഷയുടെ പോസ്റ്റ് ഇതിനകം തന്നെ പ്രൊഫഷണലുകൾക്കിടയിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. വിലകൂടിയ സമ്മാനങ്ങളേക്കാൾ ലളിതവും ഉപയോഗപ്രദവുമായ ഇത്തരം പ്രവൃത്തികളാണ് കൂടുതൽ സ്വാധീനം ചെലുത്തുകയെന്ന് നിരവധി ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.
സുസ്ഥിരമായ ജീവിതശൈലി നയിക്കാൻ ഇത്തരം ബാഗുകൾ അത്യാവശ്യമാണെന്നും, അതിനാൽ തനിക്ക് ഇനി മുതൽ എല്ലാ മാസവും ഗാർബേജ് ബാഗുകൾ സപ്ലൈ ചെയ്യണമെന്നുമുള്ള രസകരമായ ആവശ്യത്തോടെയാണ് മനീഷ തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.
