സതാംപ്ടൺ: വനിതാ ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ വെസ്റ്റ് ഇൻഡീസിന് ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് വെസ്റ്റ് ഇൻഡീസ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനിൽക്കെ വിൻഡീസ് മറികടന്നു. 90 റൺസെടുത്ത വിക്കറ്റ് കീപ്പർ ഷെമെയ്ൻ കാന്പെല്ലെയുടെയും 48 റൺസെടുത്ത ക്യാപ്റ്റൻ ഹെയ്ലി മാത്യൂസിന്റെയും മികവിലാണ് വിൻഡീസ് ലക്ഷ്യം മറികടന്നത്.
ന്യൂസിലൻഡിന് വേണ്ടി ജെസ് കെർ രണ്ട് വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസെടുത്തത്. 40 റൺസെടുത്ത ബ്രൂക്ക് ഹാലിഡെയുടെയും 39 റൺസ് നേടിയ വിക്കറ്റ് കീപ്പർ ഇസബെല്ല ഗെയ്സിന്റെയും 35 റൺസെടുത്ത മാഡി ഗ്രീനിന്റെയും 22 റൺസെടുത്ത സോഫി ഡിവൈനിന്റെയും മികവിലാണ് കിവീസ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. വെസ്റ്റ് ഇൻഡീസിന് വേണ്ടി ആലിയ അല്ലെയ്ൻ നാല് വിക്കറ്റെടുത്തു. ഡിയാൻഡ്ര ഡോട്ടിൻ ഒരു വിക്കറ്റ് വീഴ്ത്തി.
