വിഷ്ണു വിനോദിന് സെഞ്ചുറി; കേരളത്തിന് ജയം

അമൃത്സർ: വിജയ് ഹസാരെ ഏകദിന ടൂർണമെന്‍റിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളം ആന്ധ്രപ്രദേശിനെ ആറ് വിക്കറ്റിന് തകർത്തു. ഓപ്പണർ വിഷ്ണു വിനോദിന്‍റെ മിന്നുന്ന സെഞ്ചുറിയാണ് കേരളത്തിന് അനായാസ ജയം സമ്മാനിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര 50 ഓവറിൽ ആറ് വിക്കറ്റിന് 230 റണ്‍സ് നേടി. 89 പന്തിൽ 139 റണ്‍സ് നേടിയ വിഷ്ണുവിന്‍റെ മികവിൽ കേരളം 39.4 ഓവറിൽ ലക്ഷ്യം മറികടന്നു. 13 ഫോറും ഒൻപത് സിക്സും അടങ്ങിയതായിരുന്നു വിഷ്ണുവിന്‍റെ മനോഹര ഇന്നിംഗ്സ്. പരമ്പരയിലെ വിഷ്ണുവിന്‍റെ മൂന്നാം സെഞ്ചുറിയാണിത്.

ക്യാപ്റ്റൻ റോബിൻ ഉത്തപ്പ (1), സഞ്ജു സാംസണ്‍ (0), സച്ചിൻ ബേബി (19) എന്നിവർ വേഗത്തിൽ മടങ്ങിയെങ്കിലും അടിച്ചുതകർത്ത വിഷ്ണു കേരളത്തെ വിജയ തീരത്തെത്തിക്കുകയായിരുന്നു. 46 റണ്‍സോടെ പുറത്താകാതെ നിന്ന ജലജ് സക്സേന വിഷ്ണുവിന് മികച്ച പിന്തുണ നൽകി. 27 റണ്‍സ് നേടി പുറത്താകാതെ നിന്ന പി.രാഹുലും കേരളത്തിന്‍റെ വിജയത്തിന് സംഭാവന നൽകി.

നേരത്തെ ക്യാപ്റ്റൻ റിക്കി ഭുയിയുടെ അർധ സെഞ്ചുറിയാണ് (58) ആന്ധ്രയ്ക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. കേരളത്തിന് വേണ്ടി ബേസിൽ തമ്പിയും മിഥുൻ സുദേശനും രണ്ടു വീതം വിക്കറ്റുകൾ നേടി.

Related posts