ന്യൂഡൽഹി: മുതിർന്ന നയതന്ത്രജ്ഞൻ വിശ്വേശ് നേഗിയെ ഇറാനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി വിദേശകാര്യ മന്ത്രാലയം നിയമിച്ചു. 2002 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ അദ്ദേഹം നിലവിൽ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയാണ്. ഉടൻ തന്നെ അദ്ദേഹം പുതിയ ചുമതലയേൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പടിഞ്ഞാറൻ ഏഷ്യയിൽ സൈനിക നീക്കങ്ങളും തിരിച്ചടികളും കാരണം സംഘർഷാവസ്ഥ രൂക്ഷമായി തുടരുന്നതിനിടയിലാണ് നിർണായകമായ ഈ നിയമനം. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ചർച്ചകളും നയതന്ത്ര ചർച്ചകളുമാണ് ഏക പോംവഴിയെന്ന നിലപാടാണ് ഇന്ത്യ നിരന്തരം സ്വീകരിച്ചുപോരുന്നത്.
