ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ടു ദിവസമായി വെള്ളം ലഭ്യമല്ലാത്തതിനാല്‍ വിവിധ ചികിത്സാ വിഭാഗങ്ങളുടെ 40ഓളം ശസ്ത്രക്രിയകള്‍ മുടങ്ങി. വെള്ളമില്ലാത്തതിനാല്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നതിനായി കുട്ടികളുടെ ആശുപത്രിയിലും കോട്ടയത്തെ സ്വകാര്യആശുപത്രിയിലും കൊണ്ടുപോകേണ്ടി വന്നതായാണ് വിവരം.
ഇത് മെഡിക്കല്‍ കോളജിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണന്നാണ് പറയപ്പെടുന്നത്. ആശുപത്രിയുടെ പുതിയ സര്‍ജറി ബ്ലോക്കിലാണ് ശുദ്ധജലം ലഭിക്കാതിരുന്നത്. ഞായറാഴ്ച ഉച്ചമുതല്‍ കുടിവെള്ളം പോലും ലഭ്യമല്ലാത്ത അവസ്ഥയായിരുന്നു.കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ശുചിമുറി ഉപയോഗിക്കുന്നതിനും വെള്ളം ലഭ്യമായില്ല.
കൂട്ടിരിപ്പുകാര്‍ക്ക് മറ്റു സ്ഥലങ്ങളില്‍ പോയി പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനായെങ്കിലും കിടപ്പുരോഗികളുടെ കാര്യമാണ് ഏറെ ബുദ്ധിമുട്ടിലായത്. ഇവരിലേറെയും ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുമാണ്.ആശുപത്രി അധികൃതരെ പല പ്രാവശ്യം ബന്ധപ്പെട്ടിട്ടും യാതൊരു പ്രതികരണവുമില്ലെന്ന് രോഗികളുടെ ബന്ധുക്കള്‍ പറയുന്നു.
വെള്ളമില്ലാത്തതുകൊണ്ടല്ല വാര്‍ഡുകളില്‍ ലഭിക്കാത്തതെന്നും വാര്‍ഡുകളിലേക്ക് വെള്ളം പമ്പു ചെയ്യുന്ന മോട്ടോര്‍ കേടായതാണ് കാരണമെന്നും അധികൃതര്‍ പറയുന്നു. രോഗികള്‍ ഏറെ കഷ്ടത അനുഭവിക്കുമ്പോഴും കേടായ മോട്ടോര്‍ നന്നാക്കുന്നതിനോ മാറ്റി സ്ഥാപിക്കുന്നതിനോ തയാറായിട്ടില്ല. ഇന്നലെ രാവിലെ മുതല്‍ സ്വകാര്യ ഏജന്‍സികള്‍ അഗ്നിശമന സേനയുടെ ടാങ്കുകളില്‍ വെള്ളം നിറച്ച് ആശുപത്രിയിലെത്തിച്ച് തത്കാലിക പരിഹാരം കാണുകയായിരുന്നു.
തുടര്‍ന്ന് ശുദ്ധജലം എത്തിക്കുന്നതിന് കരാര്‍ എടുത്ത ഏജന്‍സി എത്തുകയും ഇന്നലെ വൈകുന്നേരത്തോടുകൂടി തകരാര്‍ പരിഹരിക്കുകയും ചെയ്തു. പ്രശ്നത്തിനു താത്കാലിക പരിഹാരമായി. മോട്ടോറിന്റെയും പമ്പ് വാല്‍വിന്റെയും കേടായ ഭാഗങ്ങള്‍ മാറ്റിയിടുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. മെഡിക്കല്‍ കോളജിലെ വാര്‍ഡുകളില്‍ ശുദ്ധജലം ലഭ്യമല്ലാത്ത അവസ്ഥ ഇനിയുണ്ടാകാത്ത നിലയില്‍ പുതിയ സംവിധാനം ക്രമീകരിച്ചിട്ടുണ്ടെന്ന് കരാറുകാരന് പ്രതികരിച്ചു.
