വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ വീഴ്ച്ചയ്ക്ക് വഴിയൊരുക്കിയത് ഹിമന്ത ബിശ്വ ശര്‍മയെന്ന ചാണക്യന്‍, ബിജെപിയുടെ കൂട്ടില്‍ കയറിയ ശര്‍മ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ വിള്ളലുണ്ടാക്കിയത് ഇങ്ങനെ

ആസാമില്‍ ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ശക്തനായ നേതാവായിപുന്നു ഹിമന്ത ബിശ്വ ശര്‍മ. മുഖ്യമന്ത്രിയായിരുന്ന തരുണ്‍ ഗോഗോയുടെ വിശ്വസ്തന്‍. ഗോഗോയുടെ മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പും പിന്നീട് വിദ്യാഭാസ വകുപ്പും കൈകാര്യം ചെയ്തിരുന്നു. എന്നാല്‍ ഗോഗോയുമായി തെറ്റിയതോടെ ശര്‍മ കോണ്‍ഗ്രസ് വിട്ടു. അതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ പതനവും തുടങ്ങി. ബിജെപി റാഞ്ചിയ ഹിമന്ത ഇന്ന് നോര്‍ത്ത് ഈസ്റ്റില്‍ അമിത് ഷായെക്കാള്‍ സ്വാധീനമുള്ള ബിജെപി നേതാവാണ്.

കുടിയേറ്റ വിരുദ്ധതയില്‍ വളര്‍ന്നുവന്ന നേതാവാണ് ഹിമന്ത. 1990കളിലെ കുടിയേറ്റ വിരുദ്ധ പോരാട്ടങ്ങളിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 2006ലും 2011ലും കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിച്ചതില്‍ നിര്‍ണായ പങ്കുവഹിച്ചിട്ടുണ്ട് ഹിമാന്ത. തികഞ്ഞ രാഷ്ട്രീയ ചാണക്യനാണ് അദേഹം. നോര്‍ത്ത് ഈസ്റ്റിലെ രാഷ്ട്രീയം കൈവെള്ളയിലാണ്. ഈ സംസ്ഥാനങ്ങളില്‍ പൗരത്വ ബില്‍ കലാപത്തോളം എത്തിയിട്ടും തീരുമാനം മാറ്റേണ്ടതില്ലെന്ന ഉപദേശം ഹിമന്തയുടേതായിരുന്നു.

2016ല്‍ ഹിമാന്തയൊരുക്കിയ തന്ത്രങ്ങളിലൂടെ അസമില്‍ മിന്നുന്ന ജയമാണ് ബിജെപി നേടിയത്. പിന്നാലെ പ്രാദേശിക പാര്‍ട്ടികളെ കൂട്ടുപിടിച്ചും എംഎല്‍എമാരെ മറുകണ്ടം ചാടിച്ചും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എല്ലാം ബിജെപി ഭരണത്തിന് വഴിയൊരുക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കിലും തന്ത്രങ്ങള്‍ ഒരുക്കുന്നത് ഹിമാന്ത തന്നെയാണ്. നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലൈന്‍സ് കണ്‍വീനറായ ശര്‍മ ബിജെപി ഭരണത്തിലെത്തിയാല്‍ കേന്ദ്രമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related posts