വെള്ളരിക്കുണ്ട്: വന്യമൃഗശല്യത്തിന് ശാസ്ത്രീയമായ പരിഹാരം വേണമെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.വന്യജീവികൾക്ക് മാത്രമല്ല മനുഷ്യർക്കും ജീവിക്കണമെന്ന മുദ്രാവാക്യവുമായി കർഷകസ്വരാജ് സത്യഗ്രഹത്തിനു നേരെ കണ്ണടയ്ക്കുന്ന സർക്കാർ നടപടിക്കെതിരെ വായ് മൂടിക്കെട്ടി തിരിതെളിച്ച് നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗങ്ങൾ പെറ്റുപെരുകി എന്ന യാഥാർഥ്യം അധികാരികൾ മനസിലാക്കണം. വന്യമൃഗസ്നേഹം പറഞ്ഞുപറഞ്ഞ് ആരും കർഷകന്റെ അടുത്ത് വരരുത്. ആത്മാർഥതയുണ്ടെങ്കിൽ മേനക ഗാന്ധി ഉൾപ്പെടെയുള്ളവർ വനാതിർത്തിയിൽ വന്നു താമസിക്കണം. കർഷകന്റെ പറമ്പിൽ വരുന്ന പന്നി കർഷകന്റെ പന്നിയാണെന്നും വനപാലകർ ഇനി കർഷകന്റെ മണ്ണിൽ കയറരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന വികാരി റവ.ഡോ. ജോൺസൺ അന്ത്യാകുളം അധ്യക്ഷത വഹിച്ചു. ജോസ് മണിയങ്ങാട്ട്, ജില്ലാ പഞ്ചായത്തംഗം ബിൻസി ജെയിൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജെസി റ്റോമി, മിനി മാത്യു, ഷോബി ജോസഫ്, ജോർജ് തോമസ്, അഡ്വ. ജോസ് സെബാസ്റ്റ്യൻ, ജിജി കുന്നപ്പള്ളി, ജിമ്മി ഇടപ്പാടി എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധസമരത്തിനു മുന്നോടിയായി റാലി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് രാജു കട്ടക്കയം
ഉദ്ഘാടനം ചെയ്തു.
