തൊടുപുഴ: മുട്ടത്തിനു സമീപം കൊല്ലംകുന്ന് മലയിൽ വൻ കാട്ടു തീ. ഫയർ ബീറ്ററുകളും പച്ചിലക്കന്പുകളുമായി ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് സാഹസികമായി തീ നിയന്ത്രണവിധേയമാക്കി. ഇന്നലെ രാത്രിയാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് വാഹനം എത്താത്ത പ്രദേശത്തേയ്ക്ക് കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിച്ച് ചെങ്കുത്തായ മലനിരകളിൽ ജീവൻ പണയപ്പെടുത്തിയാണ് രക്ഷാപ്രവർത്തകർ തീയണച്ചത്.
കൃഷിസ്ഥലം ഒരുക്കുന്നതിനായി അശ്രദ്ധമായി തീയിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. കൊല്ലംകുന്ന് മലയുടെ മുകൾഭാഗത്ത് തീ പടരുന്നത് കണ്ട് മുട്ടം പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെംബറുമാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. തൊടുപുഴയിൽനിന്ന് അഗ്നി രക്ഷാം സേന ഉടൻ സ്ഥലത്തെത്തിയെങ്കിലും വാഹനങ്ങൾ മലമുകളിലേക്ക് എത്തിക്കാൻ സാധിക്കുമായിരുന്നില്ല. രണ്ട് കിലോമീറ്ററോളം ദൂരം ചെങ്കുത്തായ മലനിരകളിലൂടെ സഞ്ചരിച്ചാണ് സേനാംഗങ്ങൾ തീപിടിത്തം ഉണ്ടായ ഇടത്തെത്തിയത്.
വാട്ടർ ടാങ്കറുകൾ എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഫയർ ബീറ്ററുകൾ, പച്ചിലക്കന്പുകൾ എന്നിവ ഉപയോഗിച്ചാണ് തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങിയത്. ഒരു വശത്ത് ചെങ്കുത്തായ താഴ്ചയും മറുവശത്ത് ആളിപ്പടരുന്ന തീയും വലിയ പ്രതിസന്ധി സൃഷ്ടിച്ചു.സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം പൊരുതി തീ നിയന്ത്രണവിധേയമാക്കിയത്.
കാറ്റ് ശക്തമായത് തീ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാൻ ഇടയാക്കിയെങ്കിലും രക്ഷാപ്രവർത്തകരുടെ കൃത്യമായ ഇടപെടൽ മൂലം വലിയ ദുരന്തം ഒഴിവാക്കി. വേനൽ കടുക്കുന്ന സാഹചര്യത്തിൽ മലയോരങ്ങളിൽ തീ പടരുന്നത് തടയാൻ കർശന ജാഗ്രത പാലിക്കണമെന്ന് തൊടുപുഴ ഫയർഫോഴ്സ് അറിയിച്ചു.
