കുരുതിക്കളം ഒരുക്കുന്ന വാട്സ്ആപ് സന്ദേശങ്ങൾ

വാ​ട്സ്ആ​പ്പി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ എ​ല്ലാം സ​ത്യ​മു​ള്ള​താ​ണോ? വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്ന​വ​യാ​ണോ? അ​ല്ല എ​ന്നാ​ണ് സ​മീ​പനാ​ളു​ക​ളി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഒ​രു വ്യ​ക്തി​യു​ടെ മ​ന​സി​ൽ തോ​ന്നു​ന്ന ആ​ശ​യ​ങ്ങ​ൾ (അ​ത് ന​ന്മ​യു​ള്ള​താ​കാം പൈ​ശാ​ചി​ക​മാ​കാം) വാ​ട്സ്ആ​പ്പി​ലൂ​ടെ അ​യ​യ്ക്ക​പ്പെ​ട്ടാ​ൽ അ​തി​വേ​ഗം വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ട്.

ജ​ന​ങ്ങ​ളു​ടെ മ​ന​സി​ലെ ഭീ​തി മു​ത​ലെ​ടു​ത്ത് നി​ര​വ​ധി വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​ൻ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ​ക്കു സാ​ധി​ക്കു​ന്നു. സ​മീ​പദി​വ​സ​ങ്ങ​ളി​ൽ ത​മി​ഴ്നാ​ട്ടി​ൽ കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന സം​ഘം ഇ​റ​ങ്ങി​യി​ട്ടു​ണ്ടെ​ന്ന വാ​ട്സ്ആ​പ് സ​ന്ദേ​ശം പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ര​ണ്ടു പേ​രെ​യാ​ണ് ജ​നം ആ​ക്ര​മി​ച്ച​ത്. ഇ​വ​ർ ര​ണ്ടു പേ​രും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു.

തി​രു​വ​ണ്ണാ​മ​ല ജി​ല്ല​യി​ൽ ആ​ത്തി​മൂരി​ൽ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ന്ന സം‍ശ​യ​ത്തി​ൽ 65 വ​യ​സു​കാ​രി​യെ ജ​ന​ക്കൂ​ട്ടം ആ​ക്ര​മി​ച്ച​താ​ണ് ആ​ദ്യസം​ഭ​വം. മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ട്ട​പ്പോ​ൾ, ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ​വേ​ണ്ടി വ​ലി​യ സം​ഘം ത​മി​ഴ്നാ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന സ​ന്ദേ​ശം വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു.

ഇ​തോ​ടെ, അ​പ​രി​ചി​ത​നാ​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നെ, കു​ട്ടി​ക​ളെ ക​ട​ത്തു​ന്ന സം​ഘ​ത്തി​ൽ​പ്പെ​ട്ട ആ​ളെന്നു ക​രു​തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ജ​ന​ക്കൂ​ട്ടം ചോ​ദി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ല്കാ​ൻ ഇ​യാ​ൾ​ക്കു ക​ഴി​ഞ്ഞി​ല്ലെ​ന്നതാ​ണ് ആ​ക്ര​മ​ണം ന​ട​ത്താ​ൻ ജ​ന​ത്തെ പ്രേ​രി​പ്പി​ച്ച​ത്. ഒ​രു ക​ണ്ണ് ചൂഴ്ന്നെ​ടു​ക്കു​ക​യും മു​ഖ​ത്തും ത​ല​യി​ലും ശ​ക്തി​യാ​യി അ​ടി​ക്കു​ക​യും ചെ​യ്തു.

ആക്രമണത്തിൽ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ലാണ് സംശയിക്കപ്പെട്ട ഇ​രു​വ​രും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങിയത്. തൊ​ട്ട​ടു​ത്ത ദി​വ​സ​വും സ​മാ​നസംഭവം ത​മി​ഴ്നാ​ട്ടി​ൽ അ​ര​ങ്ങേ​റി. ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​യ ഒ​രാ​ൾ ഒരു കു​ട്ടി​യോ​ടു സം​സാ​രി​ക്കു​ന്ന​തു ക​ണ്ട​താ​ണ് മൂ​ന്നാ​മ​ത്തെ സം​ഭ​വ​ത്തി​നു തു​ട​ക്കം. ഇ​ദ്ദേഹത്തെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​കയാണ്.

സം​സ്ഥാ​ന​ത്ത് ആ​ക്ര​മ​ണ​പ​ര​ന്പ​ര കൂടിയതോടെ പോ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി. വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ൾ ത​ടയാ​നും ഉ​റ​വി​ടം ക​ണ്ടെ​ത്താ​നു​മു​ള്ള ശ്ര​മ​വും ആ​രം​ഭി​ച്ചുകഴിഞ്ഞു. കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടുപോ​കു​ന്നെന്ന വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട ഒ​രാ​ളെ​യും ര​ണ്ടു പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ 18 പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു.

വീ​ര​രാ​ഘ​വ​ൻ എ​ന്ന​യാ​ളാ​ണ് വ്യാ​ജ​സ​ന്ദേ​ശ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് ഭാ​ഷ്യം. ഇ​ത​ര​സം​സ്ഥാ​ന​ തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ഡി​യോ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ന്ദേ​ശം ഈ ​മാ​സം ര​ണ്ടി​നാ​ണ് ഇ​യാ​ൾ‌ വാ​ട്സ്ആ​പ്പി​ൽ അ​പ്‌​ലോ​ഡ് ചെ​യ്ത​ത്. ഇ​ത് ഇ​പ്പോ​ഴും വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് കേ​ര​ള​ത്തി​ലും സ​മാ​നവി​ധ​ത്തി​ലു​ള്ള വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഒ​റ്റ​പ്പെ​ട്ട അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളും കേ​ര​ള​ത്തി​ലു​ണ്ടാ​യി. ഒ​രു സ​ന്ദേ​ശം ല​ഭി​ക്കു​ന്പോ​ൾ അ​ത് ശ​രി​യോ തെ​റ്റോ എ​ന്നു ചി​ന്തി​ക്ക​ണ​മെ​ന്നാ​ണ് പോ​ലീ​സ് ന​ല്കു​ന്ന നി​ർ​ദേ​ശം.

ക​ഴി​ഞ്ഞ വ​ർ​ഷം കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന സം​ഘ​മെ​ന്ന പേ​രി​ൽ വാ​ട്സ്ആ​പ് സ​ന്ദേ​ശം പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഏ​ഴു പേ​രെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നി​രു​ന്നു.

Related posts