രാമലീല റീലീസ് ചെയ്യുന്നത് നായകന്റെ ജയില്‍ മോചനത്തിനു ശേഷം മാത്രം; ജയിലിലെത്തിയ അരുണ്‍ഗോപിയോട് ദിലീപിന്റെ നിര്‍ദ്ദേശം; ടോമിച്ചന്‍ മുളകുപാടത്തിന്റെ ചീട്ടുകീറും…

കൊച്ചി: ദിലീപ് ജയിലിലായതോടെ അനശ്ചിതത്വത്തിലായ ബിഗ്ബജറ്റ് ചിത്രം രാമലീലയുടെ റീലീസ് ഇനിയും നീളും.് ദിലീപ് ജയില്‍ മോചിതനായാല്‍ മാത്രമേ ചിത്രം റിലീസാകൂ എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇതോടെ ടോമിച്ചന്‍ മുളകുപാടം കുത്തുപാളയെടുക്കുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. 150 കോടി വാരിയ ബ്രഹ്മാണ്ഡചിത്രം പുലിമുരുകനിലൂടെ ടോമിച്ചന് കിട്ടിയത് ഏതാണ് 30 കോടി രൂപയുടെ ലാഭമാണ്. എന്നാല്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നുണ്ടായ ലാഭമെല്ലാം രാമലീലയിലൂടെ കൈവിടുന്ന അവസ്ഥയിലാണ് ടോമിച്ചന്‍ മുളകുപാടം ഇപ്പോള്‍.

പുലിമുരുകന്റെ വിജയത്തോടെ ടോമിച്ചന്റെ സിനിമയില്‍ അഭിനയിക്കാന്‍ ദിലീപിന് മോഹമെത്തി. അങ്ങനെയാണ് രാമലീലയിലേക്ക് കാര്യങ്ങളെത്തിയത്. പുലി മുരുകന്റെ രചയിതാവ് ഉദയകൃഷ്ണ തിരക്കഥാ രചനയ്ക്ക് എത്തിയതോടെ പുതുമുഖ സംവിധായകന്‍ അരുണ്‍ ഗോപിക്കായി പണം മുടക്കാന്‍ ടോമിച്ചന്‍ തയ്യാറായി. ഫുട്‌ബോള്‍ കളിയുടെ പശ്ചാത്തലത്തിലെ കഥ രാമലീല പറയുന്നത് പ്രതികാരത്തിലൂടെയാണ്. സിനിമയിലെ കഥയിലെ പലതും ദിലീപെന്ന നായകന്റെ ജീവിതത്തിലും സംഭവിച്ചു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ദിലീപ് അകത്തായി. ഒരുമാസമായി അഴിക്കുള്ളിലായി. ഇതോടെ ദിലീപിന്റെ മാര്‍ക്കറ്റ് ഇടിഞ്ഞു. രാമലീലയ്ക്കായി മുടക്കിയ 25 കോടി വെള്ളത്തിലുമായി. എങ്ങനേയും ചിത്രം തിയേറ്ററില്‍ എത്തിക്കാമെന്നാണ് ടോമിച്ചന്റെ ആഗ്രഹം. എന്നാല്‍ ഈ ആഗ്രഹത്തിന് വിലങ്ങു തടിയാവുന്നതാവട്ടെ ദിലീപും

കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം രാമലീല തിയേറ്ററിലെത്തിച്ചാല്‍ മതിയെന്നാണ് ദിലീപ് പറയുന്നത്. ദിലീപിനെ കാണാന്‍ ആലുവ ജയിലില്‍ സംവിധായകന്‍ അരുണ്‍ ഗോപി പോയിരുന്നു. അരുണിനോടാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. താന്‍ ഉടനെ ജയില്‍ മോചിതനാകുമെന്നും അതിന് ശേഷം സിനിമ തിയേറ്ററില്‍ എത്തിക്കാമെന്നും ദിലീപ് വിശദീകരിക്കുന്നു. ഓണമാണ് നടന്റെ മനസ്സിലുള്ളത്. എന്നാല്‍ ദിലീപ് ചിത്രം ഓണത്തിന് തിയേറ്ററില്‍ എത്തിയാലും ആരും കയറില്ലെന്നാണ് നിര്‍മ്മാതാവിന്റെ പക്ഷം. നിലവില്‍ നല്ല സിനിമയൊന്നും തിയേറ്ററില്‍ ഇല്ല. അതിനാല്‍ ഫാന്‍സിന്റെ കരുത്തില്‍ നല്ല അഭിപ്രായം ചിത്രത്തിനുണ്ടാക്കി പരമാവധി കളക്ഷന്‍ നേടാമെന്നും ടോമിച്ചന്‍ കരുതുന്നു. എന്നാല്‍ ദിലീപിന്റെ നിലപാട് ഇതിന് തിരിച്ചടിയായി. തനിക്ക് രാമലീലയില്‍ മുടക്കിയത് പോയെന്ന് ടോമിച്ചന്‍ അടുത്ത സുഹൃത്തുക്കളോടു പറഞ്ഞതായാണ് വിവരം.

പുലിമുരുകന്‍ ത്രിഡി ഇറക്കിയതും ടോമിച്ചന് തിരിച്ചടിയായി. എല്ലാ മലയാളികളും കണ്ടതാണ് പുലിമുരുകന്‍. ഇത് മനസ്സിലാക്കാതെ കോടികള്‍ മുടക്കിയാണ് പുലിമുരുകന്റെ ത്രിഡി ഇറക്കിയത്. ത്രിഡിയുടെ മുടക്ക് മുതല്‍ പൂര്‍ണ്ണമായും ടോമിച്ചന് പോയി. ഇത് കോടികള്‍ വരും. ഇതിന് പുറമേ തമിഴിലെ അജിത്തിന്റെ പുതിയ ചിത്രം വിവേകം കേരളത്തില്‍ വിതരണത്തിന് എടുത്തത്. നാലരക്കോടിയാണ് ഇതിനായി ടോമിച്ചന്‍ മുടക്കിയത്. എന്നാല്‍ കേരളത്തില്‍ അജിത്തിന്റെ സിനിമയ്ക്ക് മൂന്നരക്കോടിയില്‍ അധികം ഷെയര്‍ ലഭിക്കാറില്ല. അതായത് ഒരു കോടിയുടെ നഷ്ടം ഈ കച്ചവടത്തിലും ഉറപ്പ്. അങ്ങനെ രാമലീലയും പുലിമുരുകന്‍ ത്രിഡിയും വിവേകവും ടോമിച്ചന് പ്രതിസന്ധിയാവുകയാണ്. മലയാളികളുടെ സൂപ്പര്‍ നിര്‍മ്മാതാവാനുള്ള ടോമിച്ചന്റെ ശ്രമങ്ങള്‍ക്കാണ് ഇത് തിരിച്ചടിയാകുന്നത്.

രാമലീല ജൂലൈ 21ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ റിലീസ് നീട്ടിവച്ചതായി സംവിധായകന്‍ അരുണ്‍ ഗോപി അറിയിച്ചിരുന്നു. ദിലീപ് നായകനായ പുതിയ ചിത്രം രാമലീലയുടെ റിലീസിന് ഒരു തടസ്സവുമില്ലെന്ന് എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ (ഫിയോക്ക്) പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. ചിത്രം റിലീസ് ചെയ്യാന്‍ വേണ്ടി നിര്‍മ്മാതാക്കള്‍ ഇതുവരെ സംഘടനയെ സമീപിച്ചിട്ടില്ലെന്നും സമീപിച്ചാല്‍ അതിനുവേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദിലീപിന് ജാമ്യം ലഭിച്ചാല്‍ തന്നെ പടം കാണാന്‍ ആളുണ്ടാവുമോയെന്ന സംശയമാണ് ഉടമകള്‍ പങ്കുവയ്ക്കുന്നത്.

ദിലീപിന്റെ മാത്രമല്ല, നൂറിലധികം ആളുകളുടെ പ്രയത്‌നമാണ് ഈ സിനിമയെന്നും നടന്മാരുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ നോക്കിയല്ല മലയാളികള്‍ സിനിമ കാണുന്നതെന്നും രാമലീലയുടെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പറയുന്നു. പുതിയ സാഹചര്യങ്ങളില്‍ ദിലീപിന്റെ കരിയറില്‍ ഏറെ നിര്‍ണായകമാണ് രാമലീല. രാമലീല നേരിടുന്ന പ്രതിസന്ധി ഓര്‍ക്കാപ്പുറത്തുള്ളൊരടിയായാണ് ചിത്രത്തിന്റെ സംവിധായകന്‍ കാണുന്നത് ”ആദ്യസിനിമ എന്നത് ഏതൊരു സംവിധായകനെപ്പോലെയും എന്റെയും സ്വപ്നമായിരുന്നു, ആത്മാര്‍ഥമായാണ് ഞാനതിനെ സമീപിച്ചത്, ചില കാര്യങ്ങള്‍ നമ്മുടെ കണക്കുകൂട്ടലുകള്‍ക്കെല്ലാം അപ്പുറമായിരിക്കും. സിനിമ നന്നായാല്‍ പ്രേക്ഷകര്‍ അത് സ്വീകരിക്കുമെന്നുതന്നെയാണ് കരുതുന്നത്’അരുണ്‍ ഗോപി പറയുന്നു.

 

Related posts