കൊല്ലം: മുഖത്തല എംജിറ്റിഎച്ച്എസില്‍ വിദ്യാര്‍ഥി സ്കൂള്‍ വരാന്തയുടെ തൂണ്‍ തകര്‍ന്ന് വീണ് മരിച്ച സംഭവത്തില്‍ കൊല്ലം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടു. സംഭവത്തെകുറിച്ച് അനേ്വഷിച്ച് വിശദമായ റിപ്പോര്‍ട്ടുമായി ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. സ്കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് ഉണ്ടായിരുന്നോ എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം. ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കേറ്റും ഹാജരാക്കണം.
കൊല്ലം ജില്ലാ പോലീസ് മേധാവിയും വിശദീകരണം നല്‍കണം. ജൂലൈ എട്ടിന് രാവിലെ 11 ന് കൊല്ലം ഗവ. ഗസ്റ്റ്ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ ഹാജരാകാനാണ് ഡപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പാങ്കോണം ദയാഭവനില്‍ രവീന്ദ്രന്റെ മകന്‍ നിഷാന്താണ് മരിച്ചത്.