മാഡ്രിഡ്: തുടര്‍ച്ചയായ പതിനാറു ലാ ലിഗ മത്സരവും ജയിച്ച റയല്‍ മാഡ്രിഡ് പുതിയ റിക്കാര്‍ഡിനരികില്‍. സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ എസ്പാനിയോളിനെ എതിരില്ലാത്ത രണ്ടു ഗോളിനു തോല്‍പ്പിച്ചാണ് റയല്‍ തുടര്‍ച്ചയായ പതിനാറാം ജയം സ്വന്തമാക്കിയത്. ഈ ജയത്തോടെ റയല്‍ പുതിയ റിക്കാര്‍ഡ് സ്ഥാപിച്ചു. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗാരത് ബെയല്‍ എന്നിവരില്ലാതെ കളിച്ച റയലിനു ഹാമിഷ് റോഡ്രിഗസ് (45+2), കരീം ബെന്‍സേമ (71) എന്നിവര്‍ വലകുലുക്കി. അടുത്ത മത്സരവും ജയിക്കുകയാണെങ്കില്‍ റയലിനു 2010-11 സീസണില്‍ പെപ് ഗാര്‍ഡിയോളയുടെ ബാഴ്‌സലോണ ലാ ലിഗയില്‍ സ്ഥാപിച്ച 16 തുടര്‍ ജയങ്ങളുടെ റിക്കാര്‍ഡ് കടക്കാനാകും. ജയത്തോടെ റയല്‍ 12 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്കു തിരിച്ചെത്തി. രണ്ടാമതുള്ള ബാഴ്‌സലോണയ്ക്ക് ഒമ്പത് പോയിന്റാണുള്ളത്.
അസുഖത്തെത്തുടര്‍ന്ന് റൊണാള്‍ഡോയും പരിക്കിനെത്തുടര്‍ന്ന് ബെയ്‌ലും ഇല്ലാതെയുള്ള റയലിന്റെ ആദ്യ ഇലവനില്‍ റോഡ്രിഗസ് സ്ഥാനം പിടിച്ചു. 133 ദിവസത്തിനുശേഷമാണ് കൊളംബിയന്‍ താരം റയലിന്റെ ആദ്യ പതിനൊന്നില്‍ ഇടംപിടിക്കുന്നത്. ഭാഗ്യത്തിന്റെ ആനുകൂല്യവും റയലിനുണ്ടായിരുന്നു. രണ്ടാം മിനിറ്റില്‍ നായകന്‍ സെര്‍ജിയോ റാമോസ് പെനാല്‍റ്റി ബോക്‌സിനുള്ളില്‍വച്ച് എസ്പാനിയോള്‍ താരം ഹെര്‍നന്‍ പെരസിന്റെ ഷോട്ട് കൈകൊണ്ട് തട്ടിയതിനു പുറത്താക്കല്‍ വക്കില്‍നിന്നും മഞ്ഞക്കാര്‍ഡ് കൊണ്ട് രക്ഷപ്പെട്ടു.
ഇതിനുശേഷം പെപെയുടെ പ്രതിരോധ പിഴവില്‍ ലിയോ ബാപ്റ്റസിറ്റോയ്ക്കു ഗോളിനുള്ള അവസരം ലഭിച്ചു. എന്നാല്‍ എസ്പാനിയോള്‍ താരത്തിന്റെ ഷോട്ട് നേരെ റയല്‍ ഗോള്‍കീപ്പര്‍ കികോ കാസിയസിന്റെ കൈകളിലായിരുന്നു. 19-ാം മിനിറ്റില്‍ റയല്‍ പരിക്കേറ്റ കസേമിറോയ്ക്കു പകരം ടോണി ക്രൂസിനെ ഇറക്കി. എസ്പാനിയോളിന്റെ ഗോള്‍ മുഖത്തേക്കു ബെന്‍സമ പലപ്പോഴും കടന്നെങ്കിലും സഹതാരങ്ങള്‍ക്കു ഗോളിനുള്ള വഴിയൊരുക്കാനായില്ല. 39-ാം മിനിറ്റില്‍ മാഴ്‌സലോയുടെ ക്രോസില്‍ ഫ്രഞ്ച് താരം ഹെഡറിലൂടെ വല കുലുക്കി. എന്നാല്‍ ബെന്‍സമ ഓഫ് സൈഡിലായതിനാല്‍ ഗോള്‍ അനുവദിച്ചില്ല. തൊട്ടടുത്ത മിനിറ്റില്‍ എസ്പാനിയോളിന്റെ ബാപ്റ്റിസ്റ്റോ ഗോളിനരികില്‍ എത്തിയതാണ്. എന്നാല്‍ എസ്പാനിയോള്‍ താരത്തിന്റെ ഹെഡര്‍ പുറത്തേയ്ക്കായിരുന്നു. അഡഡ് ടൈമിന്റെ രണ്ടാം മിനിറ്റില്‍ റോഡ്രിഗസ് ക്രൂസിന്റെ പാസില്‍ വലകുലുക്കി.
ഒരു ഗോള്‍ ലീഡ് നേടിയ റയല്‍ രണ്ടാം പകുതിയില്‍ ശക്തമായി കളിച്ചു. 59-ാം മിനിറ്റില്‍ ബെന്‍സമയുടെ മികച്ചൊരു ഷോട്ട് ഗോള്‍കീപ്പര്‍ ഡിയേഗോ ലോപ്പസ് അസാമാന്യ മെയ് വഴക്കത്തോടെ തട്ടിയകറ്റി. മൂന്നാം തവണയും വല ലക്ഷ്യമാക്കി തൊടുത്ത ഫ്രഞ്ച് താരത്തിന്റെ അടി വലയിലെത്തി. ലൂകാസ് വാസ്ക്വസിന്റെ ക്രോസില്‍നിന്നും ബെന്‍സമ റയലിന്റെ ലീഡ് ഉയര്‍ത്തി.
