എസ്ബിഐയില്‍ നിയമനത്തിനു കാലതാമസം നേരിട്ടു ! സ്വന്തമായി എസ്ബിഐയുടെ വ്യാജ ബ്രാഞ്ച് തുടങ്ങി രാജ്യത്തെ ഞെട്ടിച്ച് 19കാരന്‍; വ്യാജ ബാങ്ക് രാജ്യത്ത് ആദ്യം…

എസ്ബിഐയുടെ വ്യാജ ശാഖ ആരംഭിച്ച് രാജ്യത്തെ ഞെട്ടിച്ച് 19കാരന്‍. തമിഴ്നാട്ടിലെ കൂടല്ലൂര്‍ ജില്ലയിലെ പന്റുട്ടിയിലാണ് സംഭവം. ഒരു മുന്‍ എസ്ബിഐ ജീവനക്കാരന്റെ മകനായ കമല്‍ ബാബു (19) ആണ് സൂത്രധാരന്‍.

സംഭവത്തില്‍ കമല്‍ ബാബുവിനെയും രണ്ടു കൂട്ടാളികളെയും പോലീസ് അറസ്റ്റു ചെയ്തു. എ.കുമാര്‍ (42), എം.മാണിക്യം (52) എന്നിവരാണ് ബാബുവിനൊപ്പം പിടിയിലായത്.

ഈ വ്യാജ ബ്രാഞ്ചില്‍ എസ്ബിഐയുടെ എല്ലാ സൗകര്യങ്ങളും ലഭ്യമായിരുന്നു. കംപ്യൂട്ടറും ലോക്കറും വാങ്ങി ഓഫീസ് സ്ഥാപിച്ച ഇയാള്‍ ചെല്ലാനും മറ്റു രേഖകളും വ്യാജമായി നിര്‍മ്മിച്ചു.

കൂടാതെ, പന്റുട്ടി ബാസാര്‍ ബ്രാഞ്ചിനുവേണ്ടി ഒരു വെബ്സൈറ്റും നിര്‍മ്മിച്ചു. ലോക്ക്ഡൗണിനിടെ ഏപ്രിലിലാണ് ഇയാള്‍ വ്യാജ ശാഖ തുറന്നത്. പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു ഇയാള്‍.

നഗരത്തിലെ മറ്റൊരു ബ്രാഞ്ചിലെ മാനേജരോട് ഒരു ഉപഭോക്താവ് പുതിയ ബ്രാഞ്ചിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് കമല്‍ ബാബുവിന്റെ തട്ടിപ്പ് പുറത്തു വന്നത്.

വ്യാജ ബ്രാഞ്ച് സന്ദര്‍ശിച്ച മാനേജരും മറ്റു ഉദ്യോഗസ്ഥരും ഞെട്ടിപ്പോയി. കാരണം, യഥാര്‍ത്ഥ ബാങ്കിലെ എല്ലാ സംവിധാനങ്ങളും ഇവിടെ ഉണ്ടായിരുന്നു.

ഉടന്‍ തന്നെ പന്റുട്ടി പൊലീസില്‍ പരാതി നല്‍കി. പൊലീസ് പ്രതികള്‍ക്കെതിരെ ഐപിസിയുടെ 473, 469, 484, 109 വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

അച്ഛനും അമ്മയും എസ്ബിഐ ബാങ്ക് ജീവനക്കാരായിരുന്നതിനാല്‍ കുട്ടിക്കാലത്തെ ബാങ്കിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കമല്‍ ബാബു മനസ്സിലാക്കിയിരുന്നുവെന്ന് പന്റുട്ടി ഇന്‍സ്പെക്ടര്‍ അംബേദ്കര്‍ പറഞ്ഞു. കുട്ടിക്കാലത്തു തന്നെ മാതാപിതാക്കള്‍ക്കൊപ്പം ബാങ്കില്‍ ഇയാള്‍ സജീവമായി സന്ദര്‍ശനം നടത്തിയിരുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ മരിച്ചു. അമ്മ വിരമിക്കുകയും ചെയ്തു. അച്ഛന്റെ മരണശേഷം ആ ജോലിക്കായി കമല്‍ ബാബു അപേക്ഷ നല്‍കിയിരുന്നു.

ആ അപേക്ഷയില്‍ തീരുമാനം വൈകുന്നതില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്നും അതിനാല്‍ സ്വന്തമായി ഒരു ബാങ്ക് തുറക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.

എന്നാല്‍ അതേ സമയം ഈ ബ്രാഞ്ചില്‍ പണമിടപാട് നടത്തിയ ഉപഭോക്താക്കള്‍ ആരും പണം നഷ്ടമായെന്ന പരാതി നല്‍കിയിട്ടില്ലെന്ന് പോലീസ് പറയുന്നു.

ആളുകളെ പറ്റിക്കണമെന്ന് താന്‍ ചിന്തിച്ചിരുന്നില്ലെന്നും അതേസമയം സ്വന്തമായൊരു ബാങ്ക് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

അതേസമയം, കമല്‍ ബാബുവിന്റെ അമ്മയുടേയും ആന്റിയുടേയും ബാങ്ക് അക്കൗണ്ടുകളില്‍ ധാരാളം ഇടപാടുകള്‍ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്തായാലും ഈ സംഭവം ഇതിനോടകം രാജ്യശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.

Related posts

Leave a Comment