1948ല്‍ വോട്ടുചെയ്ത ഓര്‍മകളുമായി തെരഞ്ഞെടുപ്പു പേജ് തുറക്കാന്‍ വി.സി. ദാസെത്തി

alp-dasആലപ്പുഴ: 1948ല്‍ തിരുവിതാംകൂര്‍ കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്‌ളിയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത വി.സി. ദാസ് ജില്ലാ വെബ്‌സൈറ്റിലെ തെരഞ്ഞെടുപ്പു പേജ് ഉദ്ഘാടനം ചെയ്യാന്‍ ഇന്നലെ കളക്ടറേറ്റിലെത്തി. കളക്ടര്‍ ആര്‍. ഗിരിജയുടെ പ്രത്യേകക്ഷണം സ്വീകരിച്ചാണ് 95കാരനായ ദാസ് ഉദ്ഘാടനത്തിനെത്തിയത്. 1948 മുതല്‍ 2015ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുവരെ മുടങ്ങാതെ വോട്ട് ചെയ്തത് അഭിമാനത്തോടെ കാണുന്നുവെന്നു സൂചിപ്പിച്ചാണ് അദ്ദേഹം തെരഞ്ഞെടുപ്പ് അനുഭവങ്ങളുടെ കെട്ടഴിച്ചത്.

ശ്രീചിത്രാ കൗണ്‍സിലിലേക്കും ശ്രീമൂലം പ്രജാസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാന്‍ പോകുന്ന അമ്മയ്‌ക്കൊപ്പം പോയതിന്റെ ഓര്‍മകള്‍ അദ്ദേഹം പങ്കുവച്ചു. കരം അടയ്ക്കുന്നവര്‍ക്കായിരുന്നു അന്നു വോട്ട്. 1948ല്‍ പാതിരപ്പള്ളി വളഞ്ഞവഴിയ്ക്കല്‍ യുപിഎസിലാണ് ആദ്യമായി വോട്ടു രേഖപ്പെടുത്തിയത്. സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന്റെ പേരില്‍ സ്ഥാപിക്കുന്ന പെട്ടിയില്‍ വോട്ടിടുന്ന രീതിയായിരുന്നു ആദ്യമുണ്ടായിരുന്നത്. കാളപ്പെട്ടി, ആനപ്പെട്ടി എന്നൊക്കെ പറഞ്ഞിരുന്നു. രഹസ്യബാലറ്റ് ആയിരുന്നില്ല. ഇഷ്ടമുള്ള സ്ഥാനാര്‍ഥിയുടെ ബാലറ്റ് വാങ്ങി പെട്ടിയിലിടും.

പിന്നീട് വോട്ടെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം വരെയുള്ള മാറ്റങ്ങള്‍ ഉണ്ടായതും വോട്ടുമഷി വിരലില്‍ പതിഞ്ഞു തുടങ്ങിയതുമൊക്കെ അദ്ദേഹം ഓര്‍മിച്ചു. വോട്ട് ചെയ്യേണ്ടത് കടമയാണ്. രാജ്യം എങ്ങനെ പോകണമെന്ന് നാം തീരുമാനിക്കുന്നത് സമ്മതിദാനം വിനിയോഗിക്കുന്നതിലൂടെയാണ്. കിടപ്പിലായാലും വോട്ടു ചെയ്യണം. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയാലും ആരുടെയെങ്കിലും സഹായത്തോടെ പോളിംഗ് ബൂത്തിലെത്തണമെന്നും ആവേശത്തോടെ അദ്ദേഹം പറഞ്ഞു. എസ്ഡിവി സ്കൂളില്‍ ഇഎസ്എല്‍സി വരെ (പത്താംതരം) പഠിച്ച ദാസ് പിന്നീട് വില്യം ഗുഡേക്കര്‍ കയര്‍ ഫാക്ടറിയില്‍ ജോലിക്കു കയറി. കപ്പലുകളില്‍ ചരക്ക് എത്തിക്കുന്നതിന്റെ മേല്‍നോട്ട ജോലി വഹിച്ചു. രണ്ട് ആണ്‍ മക്കളാണുള്ളത്. മക്കളില്‍ ഒരാള്‍ മരിച്ചു. ഇളയമകന്റെ ഐടി മേഖലയില്‍ ജോലി നോക്കുന്ന മകളുടെ സഹായത്താല്‍ കംപ്യൂട്ടര്‍ കുറച്ചൊക്കെ പഠിച്ചെന്നും സാമൂഹികമാധ്യമങ്ങളൊക്കെ നിരീക്ഷിക്കാറുണെ്ടന്നും ദാസ് പറയുന്നു.

മക്കളും കൊച്ചുമക്കളും പിതാവിന്റെ അനിയന്റെ മക്കളുമൊക്കെയായി കൂട്ടുകുടുംബമായാണ് കഴിയുന്നത്. മദ്യമോ പുകയിലയോ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്തതാണ് ആരോഗ്യരഹസ്യം. വൈന്‍ പോലും ഉപയോഗിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. സീനിയര്‍ സിറ്റിസണ്‍സ് സംസ്ഥാന കമ്മിറ്റിയംഗം, മാരാരിക്കുളം തെക്ക് ഫാം ക്ലബ് പ്രസിഡന്റ്, നബാര്‍ഡ് ഫാം ക്ലബ് ഫെഡറേഷന്‍ ഭാരവാഹി തുടങ്ങി വിവിധ സംഘടനകളിലൂടെ സാമൂഹികരംഗത്തും നിറഞ്ഞുനില്‍ക്കുകയാണ് ഇദ്ദേഹം..

Related posts