മണ്ണാര്‍ക്കാട്: 1977ന് മുമ്പുള്ള കൈവശക്കാര്‍ക്ക് പട്ടയം നല്‍കുമെന്ന് വനംമന്ത്രി കെ, രാജു. മലയോര കുടിയേറ്റ മേഖലയില്‍ 1/1/1977 ന് മുമ്പ് കൈവശമുള്ള ഭൂ ഉടമകള്‍ക്ക് ഉടന്‍തന്നെ പട്ടയം നല്‍കുമെന്നാണ് മന്ത്രി പറഞ്ഞത്. കാഞ്ഞിരപ്പുഴ കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ സാന്തോം പാരിഷ് ഹാളില്‍ സംഘടിപ്പിച്ച പൗരസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 77ന് മുമ്പുള്ളവര്‍ക്ക് സമയബന്ധിതമായി പട്ടയവിതരണം നടത്തും. വനംവകുപ്പ് ,റവന്യൂ വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത സര്‍വെ നടത്തിയായിരിക്കും പട്ടയം നല്‍കുക.
റവന്യൂ വകുപ്പില്‍ സര്‍വേയര്‍മാരുടെ കുറവുണ്ട്. മുമ്പ് സര്‍വേ നടത്തിയവര്‍ക്കും ഉടനെ പട്ടയം നല്‍കും. പൂര്‍ണ അവകാശത്തോടുകൂടിയുള്ള പട്ടയമാണ് നല്‍കുക. ആദിവാസികള്‍ക്ക് 10 ഏക്കര്‍ ഭൂമി വനത്തില്‍ നല്‍കും. ഈ ഭൂമി വില്ക്കുവാന് അനുവദിക്കില്ല. തലമുറകള്‍ക്ക് കൈമാറും. ഇതിനായുള്ള വനാവകാശരേഖ എല്ലാ ആദിവാസികള്‍ക്കും നല്‍കും. ഈ പ്രവര്‍ത്തനം അടിയന്തിരമായി പൂര്‍ത്തിയാക്കും. മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പേ വിഷബാധയ്ക്കുള്ള മരുന്ന് നിര്‍മിക്കും. ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കി കഴിഞ്ഞു.
ഇങ്ങനെ നിര്‍മിക്കുന്ന മരുന്ന് എല്ലാ താലൂക്ക് ആശുപത്രികളിലും വിതരണം ചെയ്യും. രണ്ടു വര്‍ഷത്തിനകം ക്ഷീരവ്യസായ മേഖല സ്വയം പര്യാപ്തമാക്കാനും ഈ മേഖലയിലേക്ക് ഒരു തിരിഞ്ഞുനോട്ടവും ആവശ്യവുമാണ്. കോങ്ങാട് എംഎല്‍എ കെ.വി. വിജയദാസ് അധ്യക്ഷതവഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ്, പഞ്ചായത്ത് പ്രസിഡന്റ് വി,കെ.ഷംസുദീന്‍, ബ്ലോക്ക് പ്രസിഡന്റ് കെ.പി. മൊയ്തു, സി. അച്യുതന്, ഷെരീഫ്, കെ.കെ. രാജന്, രത്നാവതി, എം.എം. തങ്കച്ചന്, അരുണ്‍ മാത്യു, കാഞ്ഞിരപ്പുഴ ഫൊറോന വികാരി ജീജോ ചാലയ്ക്കല്‍, ജോര്‍ജ് തച്ചമ്പാറ, ബേബി ചെറുകര എന്നിവര്‍ പ്രസംഗിച്ചു. കര്‍ഷക സമിതി കണ്‍വീനര്‍ പി. മണികണ്ഠന് സ്വാഗതം പറഞ്ഞു. ചെയര്മാന് അഡ്വ. കെ.ടി. തോമസ് കര്‍ഷക നിവേദനം മന്ത്രിയ്ക്ക് സമര്‍പ്പിച്ചു. വികാസ് ജോസ് നന്ദിയും പറഞ്ഞു.
