കുറവിലങ്ങാട്: ആറ് മാസത്തെ ദുരിതം ഏറ്റുവാങ്ങിയിട്ടും 300 മീറ്റര്‍ റോഡ് വികസിപ്പിക്കാന്‍ കാത്തിരിപ്പ് തുടരുന്നു. എം.സി റോഡ് വികസനത്തിന്റെ ഏറ്റുമാനൂര്‍-മുവാറ്റുപുഴ റീച്ചിന്റെ ആദ്യ 10 കിലോമീറ്ററിന്റെ അവസാനഭാഗത്താണ് ഈ ദുരിതം. കോഴാ ജംഗ്ഷന്‍ മുതല്‍ കോഴാ സെന്റ് ജോസഫ്‌സ് കപ്പേളവരെയുള്ള 300 മീറ്ററോളം വരുന്ന റോഡാണ് അധികൃതരുടെ അനാസ്ഥയില്‍ വികസനം നീളുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഇവിടുത്തെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നായിരുന്നു ആദ്യ വിലയിരുത്തല്‍. ഒരുവര്‍ഷത്തോളമായ വികസനത്തിന് വിരാമമിടുന്ന പ്രഖ്യാപനമായിരുന്നു ഇത്.
ഇത് പിന്നീട് മാര്‍ച്ചിലേക്ക് മാറി. ഇപ്പോഴും എങ്ങുമെത്താത്ത സ്ഥിതിയിലാണ് വികസനം. ഈ മേഖലയില്‍ ചെറിയ വികസനം തുടങ്ങിയത് കണക്കിലെടുത്താല്‍ ഇവിടുത്തെ കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരുവര്‍ഷം പിന്നിട്ടിട്ടുണ്ട്. സംസ്ഥാനസര്‍ക്കാര്‍ സീഡ്ഫാമിന്റെ പാടം ഏറ്റെടുത്ത് വീതികൂട്ടി ടാറിംഗ് നടത്തുകയായിരുന്നു പ്രധാന പ്രവര്‍ത്തനം. ജംഗ്ഷനിലെ കലുങ്ക് വികസനവും കപ്പേള ജംഗ്ഷനിലെ കലുങ്ക് വികസനവും ഈ 300 മീറ്ററില്‍ ഉള്‍പ്പെട്ടിരുന്നു. ജംഗ്ഷനിലെ കലുങ്ക് വികസനം റോഡ് യാത്രായോഗ്യമാക്കുന്നതിനെ ബാധിക്കില്ലായിരുന്നു. ഇപ്പോള്‍ മാസങ്ങളായി മണ്ണുമാന്തിയിട്ടും കല്ല് നിരത്തിയും വികസനം ഇഴയുകയാണ്. ഒരുദിവസം പണിനടന്നാല്‍ പിന്നെ ആഴ്ചകളോളം ആരും ഇങ്ങോട്ടെത്താറില്ല. ഇപ്പോള്‍ റോഡിന്റെ പകുതി ഭാഗം ടാറിംഗിന് മുന്നോടിയായി ഓയില്‍ ഒഴിച്ച്് വേര്‍തിരിച്ചിരിക്കുകയാണ്. ഈ സ്ഥിതി തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുകയാണ്.
റോഡിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന പകുതി ഭാഗത്തുകൂടിയാണ് ആയിരക്കണക്കായ വാഹനങ്ങളുടെ യാത്ര. ഈ മേഖലയിലെ വികസനത്തില്‍ അധികൃതരുടെ വീഴ്ച പലതവണ വ്യക്തമായിട്ടുണ്ട്. ഇവിടെ ഓടനിര്‍മ്മിക്കാതെ റോഡിന്റെ സംരംക്ഷണഭിത്തി നിര്‍മ്മിച്ച് അംലഭാവം പ്രകടിപ്പിരുന്നു. ജനകീയ ഇടപെടലില്‍ സംരക്ഷണഭിത്തിക്കപ്പുറത്ത് ഓടയിട്ട് പ്രശ്‌നം പരിഹരിച്ചു. കോഴാ-മണമ-മണ്ണയ്ക്കനാട് റോഡിലേക്കുള്ള കലുങ്കിലൂടെയുള്ള വെള്ളമൊഴുക്കിനും ഇനിയും നടപടിയുണ്ടാക്കിയിട്ടില്ല. ഇവിടെ ഓടസ്ഥാപിക്കല്‍ പാതിവഴിയിലാണ്. മഴകൂടി ശക്തമായാല്‍ ജനത്തിന്റെ ദുരിതം വര്‍ധിപ്പിക്കും. പൊടിപൂരമാണ് ജനം ഇവിടെ ഏറ്റുവാങ്ങുന്നത്. നനയ്ക്കല്‍ വഴിപാടുപോലെയാണ്. കെഎസ്ടിപിയും കരാറുകാരും അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പിനു പിന്നാലെ സമരംഗത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.
