ഓടരുതമ്മാ..ഞങ്ങള്‍ക്കാളറിയാം ! 89കാരന്റെ വ്യാജ പാസ്‌പോര്‍ട്ടുമായി വൃദ്ധന്റെ വേഷത്തില്‍ വിമാനത്താവളത്തിലെത്തിയ 32കാരന്റെ കള്ളത്തരം അധികൃതര്‍ കണ്ടു പിടിച്ചത് ഇങ്ങനെ…

ആള്‍മാറാട്ടം ഒരു കലയായി കൊണ്ടു നടക്കുന്നവരുണ്ട്. പല കുറ്റങ്ങള്‍ ചെയ്യാനും ചിലര്‍ വേഷം മാറാറുണ്ട്. 89കാരന്റെ വ്യാജ പാസ്‌പോര്‍ട്ടുമായി വൃദ്ധന്റെ വേഷത്തില്‍ വിമാനത്താവളത്തിലെത്തിയ 32കാരനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ജയേഷ് പട്ടേല്‍ എന്ന അഹമ്മദാബാദ് സ്വദേശിയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ ആള്‍മാറാട്ടത്തിന് പിടിയിലായത്. താടിയും മുടിയും വെളുപ്പിച്ച് അമ്രിക് സിങ് എന്ന പേരില്‍ എണ്‍പത്തൊന്‍പതുകാരന്റെ പേരിലുള്ള വ്യാജ പാസ്പോര്‍ട്ടും രേഖകളുമായാണ് യുവാവ് വിമാനത്താവളത്തിലെത്തിയത്. ഉദ്യോഗസ്ഥരുടെ മുഖത്ത് നോക്കാന്‍ മടികാണിച്ച ഇയാളെ അധികൃതര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് കള്ളത്തരം പൊളിഞ്ഞത്.

മുടിയും താടിയും നരച്ച് വീല്‍ചെയറില്‍ എത്തിയ ഇയാളുടെ ത്വക്കിന് പ്രായത്തിന്റേതായ മാറ്റങ്ങള്‍ ഒന്നും തന്നെ കാണാതിരുന്നതാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് സംശയം ഉണ്ടാവാന്‍ കാരണം. ന്യൂയോര്‍ക്കിലേക്ക് പോവുന്ന വിമാനത്തില്‍ കയറാനായിരുന്നു ഇയാളുടെ ലക്ഷ്യം. ആള്‍മാറാട്ടത്തിന് ഇയാള്‍ക്കെതിരെ കേസ് എടുത്തതിന് ശേഷം പോലീസിന് കൈമാറി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. എന്തായാലും ഇയാളുടെ പാത പിന്തുടരുന്നവര്‍ ഇക്കാര്യത്തില്‍ കുറച്ചു കൂടി ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു എന്നു പറയാം.

Related posts