സിലി മരിച്ചത് ജോളി നല്‍കിയ വെള്ളം കുടിച്ച് ! രണ്ടാനമ്മയില്‍ നിന്നേല്‍ക്കേണ്ടി വന്നത് ക്രൂരമായ പീഡനം; സിലിയുടെ മകന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്; ജോളി കൊലപ്പെടുത്തിയ ആദ്യ ഭര്‍ത്താവിന്റെ ഫോണ്‍ നമ്പര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ജോണ്‍സന്‍

കൂടത്തായി കൊലപാതക പരമ്പരയിലൂടെ കേരളത്തെയാകെ ഞെട്ടിച്ച ജോളി ജോസഫിനെതിരേ നിര്‍ണായക മൊഴിയുമായി ഷാജുവിന്റെയും സിലിയുടെയും മകന്‍. രണ്ടാനമ്മയായ ജോളി തന്നെ കഠിനമായി ഉപദ്രവിച്ചിട്ടുണ്ടെന്നും എല്ലാ കാര്യങ്ങളിലും വേര്‍തിരിവുണ്ടായിരുന്നതായുമാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി മൊഴി നല്‍കിയത്. കൂടത്തായിയിലെ വീട്ടില്‍ അപരിചതനെപ്പോലെയാണ് ജീവിച്ചതെന്നും മൊഴിയിലുണ്ട്. ഇന്നലെയാണ് അന്വേഷണ സംഘം കുട്ടിയില്‍ നിന്ന് മൊഴിയെടുത്തത്.

സിലി മരിക്കുന്നതിനു മുമ്പുതന്നെ ഷാജുവും ജോളിയും തമ്മില്‍ ബന്ധമുണ്ടായിരുന്നു. തുടര്‍ന്ന് സിലിയെ കൊലപ്പെടുത്തിയ ശേഷം ഷാജുവിനെ ജോളി വിവാഹം കഴിക്കുകയായിരുന്നു.സ്ഥിര വരുമാനമുള്ള ആളെ സ്വന്തമാക്കാനായിരുന്നു ഷാജുവുമായി ജോളി അടുത്തത്. 2016 ജനുവരി 11 നാണ് താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ വെച്ച് സിലി കുഴഞ്ഞുവീണ് മരിക്കുന്നത്. ഈ സമയത്ത് സിലിയോടൊപ്പം കുട്ടിയും ഉണ്ടായിരുന്നു. ആ സംഭവം കുട്ടി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ജോളിയുടെ ബാഗിലുണ്ടായിരുന്ന വെള്ളം കുടിച്ചതോടെയാണ് അമ്മയ്ക്ക് ബോധം നഷ്ടപ്പെട്ടത്.

ഇതിന് ശേഷമാണ് സിലിക്ക് ഗുളിക നല്‍കിയതെന്നും കുട്ടി പറഞ്ഞു. സിലിക്ക് ഗുളികയില്‍ വിഷം പുരട്ടി നല്‍കിയാണ് കൊലപ്പെടുത്തിയത് എന്നായിരുന്നു ജോളി അന്വേഷണസംഘത്തോട് പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ മൊഴി അനുസരിച്ച് വെള്ളത്തിലും സയനൈഡ് ചേര്‍ത്തിരുന്നു എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. സിലിയുടെ മരണശേഷം രണ്ടാനമ്മയായ ജോളിയില്‍ നിന്നും കടുത്ത പീഡനമാണ് നേരിട്ടത്. വലിയ വേര്‍തിരിവാണ് ജോളി തന്നോട് കാണിച്ചിരുന്നതെന്നും കുട്ടി പറഞ്ഞു. സിലി കൊല്ലപ്പെട്ട കേസില്‍ സിലിയുടെ മകന്റെ മൊഴി ഏറെ നിര്‍ണായകമാകും.

മാത്രമല്ല ജോളി കൊലപ്പെടുത്തിയ ആദ്യ ഭര്‍ത്താവ് റോയിയുടെ നമ്പര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ജോളിയുടെ കാമുകനായ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സനാണ്. ബിഎസ്എന്‍എല്‍ സ്വാധീനം വച്ചാണോ ജോണ്‍സണ്‍ ഈ നമ്പര്‍ സ്വന്തമാക്കിയെന്ന അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.

തെളിവെടുപ്പിനായി ജോളിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.ഇതിനായി നാളെ കോടതിയില്‍ അപേക്ഷ നല്‍കും. ജോളിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. ഇത് ക്യാമറയില്‍ ചിത്രീകരിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

Related posts