സി. ഹരിഹരന്‍
ഹരിത ഓര്‍ഗാനിക് ഫാംസ്
വീട്ടുമുറ്റത്തോ ടെറസിനുമുകളിലോ, അല്ലെങ്കില്‍ ബാല്‍ക്കണിയിലോ നിറയെ പൂവും കായ്കളുമായിനില്‍ക്കുന്ന ശുദ്ധമായ പച്ചക്കറികള്‍ ഏതൊരു വീട്ടമ്മയുടെയും സ്വപ്നമാണ്. മറ്റ് ജോലിത്തിരക്കുകള്‍ക്കിടയില്‍, അടുക്കളത്തോട്ടത്തില്‍ നിന്ന് വിളവെടുത്ത പയര്‍ മെഴുക്കുപുരട്ടിയും, വെണ്ടയും തക്കാളിയും, കാരറ്റുമൊക്കെക്കൊണ്ട് വിഭവങ്ങള്‍ ഒരുക്കുന്നത് സങ്കല്‍പിക്കുമ്പോള്‍ തന്നെ സംതൃപ്തികൊണ്ട് മനസു നിറയും. ശുദ്ധമായ ഭക്ഷണം പാകം ചെയ്ത് കുട്ടികള്‍ക്കും കുടുംബനാഥനും വിളമ്പുമ്പോള്‍ ആഹാരം ഔഷധമായിമാറുന്നു.
“അതെ വായിച്ചിരിക്കാന്‍ കൊള്ളാം, പച്ചക്കറികൃഷി ചെയ്യുന്നവര്‍ക്കല്ലേ ഇതിന്റെയൊക്കെ ബുദ്ധിമുട്ടറിയൂ… പറയാന്‍ എന്തെളുപ്പമാണ്, പത്തു വിത്ത് നട്ടാല്‍ രണ്ടെണ്ണം മുളച്ചാലായി….പിന്നെ ചെടിവളരുമ്പോ തൊടങ്ങും പ്രശ്‌നങ്ങള്‍ പുഴുക്കുത്ത്…. വേരഴുകല്, വാടിപ്പോകല്….അങ്ങനെ പലതും. ഇനി കായ് പിടിച്ചാലോ, വളഞ്ഞും-പൊളഞ്ഞുമൊക്കെ രണ്ടുമൂന്നെണ്ണം ഉണ്ടാവും. കുറച്ചുകഴിയുമ്പോ ആ ചെടിയും മൊരടിച്ചുപോകും, കഷ്ടപ്പാടു മാത്രം മിച്ചം….’
എന്റെ കാര്‍ഷികവൃത്തിയില്‍ പലപ്പോഴായി കേട്ടുകൊണ്ടിരിക്കുന്ന പരാതികളും പരിദേവനങ്ങളുമാണിവയൊക്കെ. എന്നാല്‍, ഞാന്‍ മനസിലാക്കിയിടത്തോളം പ്രശ്‌നം ചെടികള്‍ക്കല്ല നാം കാലങ്ങളായി അനുവര്‍ത്തിക്കുന്ന ചിലരീതികള്‍ക്കാണ്. നമ്മുടെ മുന്‍വിധികള്‍ക്കാണ്. ഓ…ഇതൊന്നും അങ്ങ്ട് കിളിര്‍ക്കില്ല….പിന്നെ മാസീകേന്റെ കൂടെ കിട്ടിയതല്ലെ അങ്ങ് പാകിക്കളയാം. മിക്ക ആളുകളുടെയും ചിന്താഗതി ഇങ്ങനെയൊക്കെയാണ്. നാം എന്ത് പ്രവൃത്തി ചെയ്താലും 100 ശതമാനം വിശ്വാസമുണ്ടെങ്കില്‍ മാത്രമേ അതു വിജയിപ്പിക്കാന്‍ കഴിയൂ. മറ്റേതു മേഖലയിലേയും പോലെ കൃഷിയിലും വിശ്വാസം അടിസ്ഥാനമാണ്. പത്ത് വെണ്ടവിത്തു കുത്തിയാല്‍ മൂന്നു വിത്തേ കിളിര്‍ത്തെങ്കില്‍കൂടി ഒരു കുടുംബത്തിന് ഇത് ധാരാളം മതിയാവും.
നിങ്ങള്‍ക്ക് കൃഷി ചെയ്യുന്നതിനെക്കുറിച്ചുള്ള ധാരണകളില്‍ നിന്ന് മാറിചിന്തിക്കാമെങ്കില്‍ തീര്‍ച്ചയായും കൃഷി ചെലവ് വളരെ കുറച്ചു കൊണ്ട് നല്ലൊരു പച്ചക്കറിത്തോട്ടം യാഥാര്‍ഥ്യമാക്കാം. ചുറ്റുവട്ടത്തുള്ള പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് ശുദ്ധമായ ഭക്ഷണം തയാര്‍ചെയ്യുന്നതിനുള്ള വിളകള്‍ കൃഷി ചെയ്യാം.
സ്ഥലം തെരഞ്ഞെടുക്കല്‍
കുറഞ്ഞത് ആറുമണിക്കൂറെങ്കിലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. വീടിന്റെ ബാല്‍ക്കണി, ഡോര്‍സ്‌റ്റെപ്പ്, ടെറസ്, മുറ്റത്തെ ഗാര്‍ഡനോടു ചേര്‍ന്നസ്ഥലം എന്നുവേണ്ട ലഭ്യമായ എവിടെയും കൃഷി ചെയ്യാം. പച്ചക്കറികളില്‍ ചില ഇനങ്ങള്‍ക്ക് സൂര്യപ്രകാശവും ചൂടും കൂടുതല്‍ ആവശ്യമാണ്. പ്രത്യേകിച്ച് തക്കാളി, മുളക്, കുക്കുംബര്‍, പപ്പായ, ചെടി മുരിങ്ങ തുടങ്ങിയവയ്ക്ക്. ഈ വിളകള്‍ക്ക് പറ്റിയ സ്ഥലം തെരഞ്ഞെടുക്കണം.
ചെടിവളര്‍ത്തുന്ന പാത്രങ്ങള്‍
ഒരു കാര്യം ആദ്യം പറയട്ടെ, നിങ്ങള്‍ കൂടുതല്‍ സാമ്പത്തികം അടുക്കളത്തോട്ടത്തില്‍ ചെലവഴിച്ചിട്ട് ഒരു പ്രയോജനവുമില്ല. ചെടികള്‍ക്ക് ആവശ്യം നിങ്ങളുടെ ശ്രദ്ധയും പരിചരണവുമാണ്. ഇതിന് തയാറെങ്കില്‍ മാത്രം കൃഷിയിടത്തിലേക്കിറങ്ങിയാല്‍മതി. അതുകൊണ്ട് വേസ്റ്റ് പെയ്ന്റ് ബക്കറ്റുകള്‍, ബാഗുകള്‍, ചെറിയ കണ്ടെയ്‌നര്‍ ബോക്‌സുകള്‍, ധാന്യങ്ങളുടെ ചെറിയ ചാക്കുകള്‍, രണ്ടു ലിറ്ററിന് മുകളിലുള്ള മിനറല്‍ ബോട്ടിലുകള്‍ എന്നിവ അടുക്കളത്തോട്ടത്തിനായി ഉപയോഗിക്കാം. ഈ വിധത്തില്‍ ശേഖരിച്ചിട്ടുള്ള പാത്രങ്ങളുടെ താഴെ വശങ്ങളിലായി സുഷിരങ്ങള്‍ ഉണ്ടാക്കേണ്ടത് അമിതമായ ജലം വാര്‍ന്നു പോകുന്നതിന് അത്യാവശ്യമാണ്. കുറഞ്ഞത് കാല്‍ ഇഞ്ച് വലുപ്പത്തിലുള്ള സുഷിരങ്ങള്‍ തന്നെ കൊടുക്കാന്‍ ശ്രദ്ധിക്കണം. ജലം കെട്ടിക്കിടന്ന് ചെടിയുടെ വളര്‍ച്ച തടസപ്പെടുത്താതിരിക്കാനാണിത്.
ചെടികളുടെ വലിപ്പവും വേരുകളുടെ വളര്‍ച്ചയും കണക്കിലെടുത്ത് പാത്രങ്ങള്‍ തരംതിരിക്കാം. കൃഷിചെയ്യുന്നതിന് ചെറിയപാത്രങ്ങള്‍ ഉപയോഗിക്കാം (പ്ലാസ്റ്റിക്ക് കൂടുകള്‍). ചീര, ലെത്യൂസ്, പുതിന എന്നീ ഇനങ്ങള്‍ വളര്‍ത്തുവാന്‍ 10 ഇഞ്ച് വ്യാസം വരുന്ന പാത്രങ്ങള്‍ മതിയാവും. തക്കാളി, വെണ്ട, വഴുതന, കാരറ്റ് എന്നീ ഇനങ്ങള്‍ക്ക് പൊക്കമുള്ള പാത്രങ്ങള്‍ ഉപയോഗിക്കണം.
മണ്ണ്
കൃഷിക്ക് അടിസ്ഥാനം ജീവനുള്ള മണ്ണുതന്നെയാണ്. പ്രത്യേകിച്ച് പ്ലാസ്റ്റിക് കൂടുകളിലും, ബക്കറ്റ്, ചാക്ക് എന്നിവയിലുള്ള കൃഷിക്ക് പോഷകസമ്പുഷ്ടമായ മണ്ണു തന്നെവേണം. കട്ടി വളരെ കുറഞ്ഞതും വെള്ളം കെട്ടിനില്‍ക്കാത്തതും ജലാംശം പിടിച്ചുനിര്‍ത്തുന്നതുമായ മണ്ണ് പരുവപ്പെടുത്തി എടുത്തുവേണം കൃഷി ചെയ്യാന്‍. ചുവന്നമണ്ണ്, പച്ചിലവളം, ചാണകപ്പൊടി എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കലര്‍ത്തി കൃഷി ചെയ്യാനുദ്ദേശിക്കുന്ന പാത്രങ്ങളുടെ മുക്കാല്‍ ഭാഗം നിറയ്ക്കണം. മഴക്കാലത്ത് ചെടിച്ചട്ടികളുടെ ചുവട് മള്‍ച്ചിംഗ്ഷീറ്റു കൊണ്ടോ കട്ടികുറഞ്ഞ പ്ലാസ്റ്റിക്ക് ഷീറ്റു കൊണ്ടോ മൂടിയാല്‍ മൂലകങ്ങള്‍ ഒലിച്ചുപോകുന്നതു തടയാന്‍ കഴിയും.
വളപ്രയോഗം
ചെടിച്ചട്ടികളില്‍ വളക്കൂട്ടുകള്‍ നിറയ്ക്കുന്നതിനു മുന്‍പ് കുമ്മായം അല്ലെങ്കില്‍ ഡോളോമേറ്റ് തൂകിക്കൊടുക്കണം. 10 കിലോ വളക്കൂട്ടിന് 200 ഗ്രാം മേല്‍പറഞ്ഞവയില്‍ ഏതെങ്കിലുമൊന്ന് ചേര്‍ക്കുക. ഡോളോമേറ്റ് ചേര്‍ത്ത വളക്കൂട്ടുകള്‍ രണ്ടു ദിവസം കഴിഞ്ഞ് 10കിലോ വളക്കൂട്ടിലേക്ക് 100 ഗ്രാം ഫിഷ് അമിനോ, 20 ഗ്രാം ട്രൈക്കോഡര്‍മ, 20മില്ലി എഗ് അമിനോ എന്നിവ ഒരു ലിറ്റര്‍ ജലത്തില്‍ ചേര്‍ത്ത് കൊടുക്കുക. ചെടിച്ചട്ടിയില്‍ വളക്കൂട്ടുകള്‍ നിറയ്ക്കുമ്പോള്‍ 100 ഗ്രാം വേപ്പിന്‍ പിണ്ണാക്കും 100 ഗ്രാം എല്ലുപൊടിയും കൂടെ ചേര്‍ത്തു കൊടുക്കണം. ജൈവവളങ്ങള്‍ ചെടികള്‍ക്ക് ലഭ്യമാക്കുന്ന രീതിയില്‍ അഴുകി വിഘടിച്ചു വരുന്നതിന് വളരെ സമയമെടുക്കും. അതിനാല്‍ രണ്ടു മാസം മുന്‍പുതന്നെ വളക്കൂട്ട് തയാറാക്കാന്‍ ശ്രദ്ധിക്കണം.
അടുക്കളത്തോട്ടത്തില്‍ രണ്ടു രീതിയില്‍ കൃഷിചെയ്യാം, ഫ്രഷ് വെജിറ്റബിള്‍ എന്ന കാഴ്ചപ്പാടില്‍ 100 ശതമാനം ജലത്തില്‍ ലയിക്കുന്ന വളങ്ങള്‍ ഉപയോഗിച്ച് സമൃദ്ധമായി കായ്കളും പൂക്കളും ഉണ്ടാകുന്ന രീതിയില്‍ കീടനാശിനികള്‍ പ്രയോഗിക്കാതെ കൃഷി നടത്താം. സാധാരണ രാസവളങ്ങളെക്കാള്‍ വളരെകുറച്ചുമാത്രം വളങ്ങള്‍ ഉപയോഗിച്ചാല്‍ മതിയാവും. രണ്ടു ഗ്രാം, മൂന്നുഗ്രാം എന്നിങ്ങനെ ചെടിയുടെ വളര്‍ച്ചയ്ക്ക് അനുസൃതമായിമാത്രം വളപ്രയോഗം നടത്തിയാല്‍ മതി. സാധാരണ വിപണിയില്‍ ലഭ്യമാകുന്ന വളങ്ങള്‍ 19-19-19, 13-0-45, 12-61-0, കാല്‍സ്യം നൈട്രേറ്റ്, മഗ്നീഷ്യം സള്‍ഫേറ്റ്, മൈക്രോന്യൂട്രീയന്‍സ് എന്നിവയാണ്. ചെടി വളരെ എളുപ്പത്തില്‍ ഇവ വലിച്ചെടുക്കുകയും കൂടുതല്‍ ഉത്പാദനമുണ്ടാക്കുകയും ചെയ്യും.
ജൈവ പച്ചക്കറികള്‍ മാത്രം ഉത്പാദിപ്പിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് ദ്രവരൂപത്തിലുള്ള വളക്കൂട്ടുകള്‍ ഏറെ പ്രയോജനം ചെയ്യും. രാസവളപ്രയോഗത്തിന്റെയത്രയും ഉത്പാദനം ഉണ്ടാവില്ലെന്നു മാത്രം. പഞ്ചഗവ്യം, ജീവാമൃതം, ഫിഷ് അമിനോ, എഗ് അമിനോ എന്നീ വളക്കൂട്ടുകള്‍ കരുത്തോടെയുള്ള ചെടികളുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമാവും. കൂടാതെ സ്യൂഡോമോണസ്, ഫോസ്‌ഫോബാക്ടീരിയ, നൈട്രജന്‍ ഫിക്‌സിംഗ് ബാക്ടീരിയ എന്നീ ജൈവ വളര്‍ച്ചാ ത്വരഗങ്ങള്‍, ചെടി കരുത്തോടെ വളരുന്നതിനും പൂക്കളും കായ്കളും ഉണ്ടാകുന്നതിനും കാരണമാവും. ജൈവകൃഷി നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൈവവളം സ്വയം നിര്‍മിക്കാന്‍ ശ്രമിക്കണം. വാങ്ങുന്ന വളങ്ങള്‍ക്ക് 100 ശതമാനം ഗുണമേന്മ പ്രതീക്ഷിക്കേണ്ടതില്ല. മാത്രമല്ല, ജൈവവളങ്ങള്‍ ദീര്‍ഘകാലം കേടുകൂടാതെ ഇരിക്കുന്നതിന് യൂറിയ ചേര്‍ക്കാറുണ്ട് എന്നത് വാങ്ങുന്ന വളത്തിന്റെ വിശ്വാസ്യതയില്ലാത്തതാക്കുന്നുണ്ട്.
പച്ചക്കറികള്‍ ഏതെല്ലാം
നിങ്ങളുടെ സ്ഥലത്തിന് അനുസരിച്ചുള്ള പച്ചക്കറി വിളകള്‍ എന്തൊക്കെയാണെന്ന് മുന്‍കൂട്ടി തീരുമാനിക്കുക. കൂട്ടത്തില്‍ സൂര്യപ്രകാശത്തിന്റെ ലഭ്യതയെക്കുറിച്ചും അറിയണം. മിക്കവിളകള്‍ക്കും കുറഞ്ഞത് ദിവസത്തില്‍ ആറു മണിക്കൂറെങ്കിലും കൃത്യമായ സൂര്യപ്രകാശം അത്യാവശ്യമാണ്. തക്കാളി, വെണ്ട, വഴുതന, പയര്‍, പാവല്‍ എന്നീ വിളകള്‍ക്ക് കൂടുതല്‍ സൂര്യപ്രകാശം ആവശ്യമാണ്. എന്നാല്‍ ട്യൂബര്‍ ക്രോപ്പ് വിഭാഗത്തില്‍പെട്ടവയ്ക്ക് (ചേമ്പ്, ചേന, കാരറ്റ് മുതലായവ) സൂര്യപ്രകാശം കുറഞ്ഞാലും പ്രശ്‌നമില്ല. കൂടുതല്‍ സൂര്യപ്രകാശം വേണ്ടുന്ന ചെടികള്‍ ഷെയ്ഡ് ഉള്ള സ്ഥലങ്ങളില്‍ കൃഷിചെയ്യുമ്പോള്‍ തഴച്ചുവളരുമെങ്കിലും കായ്പിടുത്തം തീരെ കുറവായിരിക്കും.
സ്ഥലപരിമിതിയുള്ളവര്‍ കൂടുതല്‍ വിളകള്‍ കൃഷിചെയ്യണമെങ്കില്‍ കൃഷി ചെയ്യുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തണം. പടരുന്ന വിളകള്‍ കൃഷിചെയ്യുമ്പോള്‍ (പാവല്‍, പയര്‍, പടവലം മുതലായവ) മറ്റ് വിളകള്‍ കൂടി കൃഷിചെയ്യണമെങ്കില്‍ ചെടിയെ ചെറിയസ്ഥലത്ത് പടര്‍ത്തണം. ഉദാഹരണത്തിന് പയര്‍ കൃഷിക്ക് സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ വട്ടത്തിലുള്ള തടം എടുക്കുകയും നടുക്ക് നീളമുള്ളതും ഉറപ്പുള്ളതുമായ കുറ്റിനാട്ടി വൃത്താകൃതിയില്‍ നട്ടിട്ടുള്ള ഓരോ പയര്‍ ചെയിയും ചരടുകൊണ്ട് ബന്ധിപ്പിച്ച് നടുക്ക് നാട്ടിയിരിക്കുന്ന കുറ്റിയുടെ മുകളിലേക്ക് പടര്‍ത്താം. ഈ രീതിയില്‍ പരമാവധി ഉത്പാദനമുണ്ടാക്കാം. ബന്ധിപ്പിച്ച് നടുക്ക് നാട്ടിയിരിക്കുന്ന കുറ്റിയുടെ മുകളിലേക്ക് പടര്‍ത്താം. ഈ രീതിയില്‍ പരമാവധി ഉത്പാദനമുണ്ടാക്കാം. തക്കാളിച്ചെടികള്‍ തലകീഴായി തൂക്കിയിട്ട് കൃഷി ചെയ്യാം ഈ രീതിയില്‍ ചെറിയസ്ഥലത്ത് നിന്ന് കൂടുതല്‍ കൃഷി നടപ്പിലാക്കാവുന്നതാണ്.
മിക്കവാറും പച്ചക്കറിവിത്തുകള്‍ ചെടിച്ചട്ടിയില്‍ നേരിട്ടു കുത്തി വളര്‍ത്തിയെടുക്കാവുന്നതാണ്. ചെടിയുടെ വളര്‍ച്ച മനസിലാക്കി ആവശ്യമായ അകലം പാലിച്ചുവേണം വിത്തുകള്‍ നടാന്‍; എന്നാല്‍ ടൊമാറ്റോ, മുളക്‌പോലുള്ള വളരെ ചെറിയ വിത്തുകള്‍ സീഡ്‌ലിംഗ് പോര്‍ട്ട്‌ട്രേകളില്‍ നിക്ഷേപിച്ച് വളര്‍ത്തിയെടുക്കണം. ചീര ഇനത്തില്‍പ്പെട്ട ചെടികള്‍ നാലിഞ്ച് അകലത്തില്‍ ചട്ടികളില്‍ നടാം. 20 കിലോബാഗില്‍ ടൊമാറ്റോ, വെണ്ട മുതലായവ ഒന്നുവീതവും നടാം. പൊക്കം കുറഞ്ഞ് പരന്ന ബാഗുകളില്‍ കാബേജ്, ചീര, കോളിഫ്‌ളവര്‍, ലെത്യൂസ് എന്നിവ ഒന്നിച്ച് വളര്‍ത്തുന്നത് അടുക്കളത്തോട്ടത്തിന് അലങ്കാരവും പരിചരണത്തിന് എളുപ്പവുമാണ്.
അമിതമായ തണുപ്പും കാറ്റും ചെടിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. ഈ അന്തരീക്ഷത്തില്‍ ചെടികളില്‍ മരവിപ്പ് അനുഭവപ്പെടുന്നുണ്ട്. ഈ ഘട്ടത്തില്‍ താല്‍ക്കാലികമായ സംരക്ഷണം ചെടിയുടെ വളര്‍ച്ചയില്‍ കൂടുതല്‍ പ്രയോജനം ചെയ്യും. പ്ലാസ്റ്റിക്ഷീറ്റ്, 70 ശതമാനം ഷെയ്ഡ് നെറ്റ് എന്നിവകൊണ്ട് മറയ്ക്കുന്നത് വളരെ നല്ലതാണ്.
ജലസേചനം
ചെടിച്ചട്ടികളില്‍ ജലസേചനം വളരെ കുറച്ച് മതി. ജലസേചനം കൂടിപ്പോകുന്നതും, കുറഞ്ഞുപോകുന്നതും ഒരുപോലെ ദോഷകരമാണ്. ആവശ്യത്തിന് മാത്രം ജലസേചനം നടത്താന്‍ ശ്രദ്ധിക്കണം. മഴയുള്ള സമയങ്ങളിലും തണുപ്പുകാലത്തും വളരെ കുറഞ്ഞ അളവില്‍ മാത്രമേ ചെടിക്ക് ജലം ആവശ്യമുള്ളൂ. ജലസേചനം നടത്തുമ്പോള്‍ ജലം ഒലിച്ചുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ സംഭവിക്കുമ്പോള്‍ ജലത്തോടൊപ്പം മൂലകങ്ങളും നഷ്ടപ്പെടുന്നുണ്ട്. ചൂടുകൂടിയ സമയങ്ങളില്‍ രണ്ടോ മൂന്നോ പ്രാവശ്യം ജലസേചനം നടത്തുന്നതാണ് നല്ലത്. എല്ലാദിവസവും ചെടിച്ചട്ടിയിലെ ജലാംശം പരിശോധിക്കണം. ചെടിച്ചട്ടിയിലെ മണ്ണ് മൂന്ന് ഇഞ്ച് അടിയില്‍ നിന്ന് എടുത്ത് പരിശോധിക്കണം. അടുക്കളയില്‍ പുട്ടിന് കുഴയ്ക്കുന്ന ഈര്‍പ്പമേ ചെടിച്ചട്ടിയിലെ മണ്ണിന് ആവശ്യമുള്ളൂ… മണ്ണിന്റെ ഈര്‍പ്പം എല്ലാദിവസവും പരിശോധനാവിധേയമാക്കണം. ചില ചെടിച്ചട്ടിയില്‍ വേരുകള്‍ തിങ്ങുന്നതുമൂലം ജലാംശം മുകളില്‍ മാത്രം കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാകും. ഇത് ചെടിയുടെ വളര്‍ച്ചയെ സാരമായിബാധിക്കുന്നു. ചെടിച്ചട്ടിയുടെ മൂന്നോ, നാലോ സ്ഥലങ്ങളില്‍ കമ്പുകള്‍ കുത്തിയിറക്കിയോ, വിരലുകള്‍ കൊണ്ടോ സുഷിരങ്ങള്‍ ഉണ്ടാക്കി ജലാംശം ചെടിച്ചട്ടിയുടെ ഉള്ളിലേക്ക് കടക്കുന്നതിനുള്ള സാഹചര്യമുണ്ടാക്കണം.
കീടരോഗനിയന്ത്രണം, കളകള്‍ നീക്കംചെയ്യല്‍
ചെടിച്ചട്ടിയില്‍ വളര്‍ത്തുന്ന വിളകള്‍ നേരിടുന്ന ഒരു പ്രശ്‌നമാണ് കീടരോഗങ്ങളും കളകളും. ചെടിച്ചട്ടിയിലെ കളപിടിത്തംകൊണ്ട്, മൂലകങ്ങളും ലവണങ്ങളും ചെടി ആഗിരണം ചെയ്യുന്നതിനേക്കാള്‍ വേഗത്തില്‍ കളകള്‍ വലിച്ചെടുക്കും ഇത് ചെടിയുടെ വളര്‍ച്ചയെ സാരമായി ബാധിക്കും.
ഗുണമേന്മയുള്ള (എണ്ണയുടെ അംശം കൂടുതലുള്ള) വേപ്പിന്‍ പിണ്ണാക്ക് 100 ഗ്രാം, ഗോമൂത്രം 200 മില്ലി, അലക്കുസോപ്പ് 10 ഗ്രാം ഇവ ഒരു പാത്രത്തില്‍ എടുത്ത് നന്നായി ഞെരടിചേര്‍ക്കുക. രണ്ടു ദിവസത്തിനുശേഷം 30 മില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി സ്‌പ്രേചെയ്യുക. അതിരാവിലെയോ വൈകിട്ട് നാലുമണിക്കുശേഷമോ സ്‌പ്രേചെയ്യാം. ബവേറിയബസിയാന എന്ന ബയോളജിക്കല്‍ പെസ്റ്റിസൈസ് ആഴ്ചയില്‍ ഒരു പ്രാവശ്യം 5 ഗ്രാം ഒരു ലിറ്റര്‍ ജലത്തില്‍ സ്േ്രപ ചെയ്യുകയും 10 ഗ്രാം ഒരു ലിറ്റര്‍ ജലത്തില്‍ ചുവട്ടില്‍ ഡ്രഞ്ച് ചെയ്യുന്നതും പുഴുക്കള്‍ക്കും മറ്റ് കീടങ്ങള്‍ക്കും എതിരേ പ്രയോഗിക്കാവുന്നതാണ്. വെളുത്തുള്ളി-കാന്താരിമുളക് മിശ്രിതം സ്‌പ്രേചെയ്യുന്നതും കീടങ്ങള്‍ കുറയാന്‍ സഹായിക്കും.
മണ്ണിലെ നെമറ്റേഡിനെ നിയന്ത്രിക്കുന്നതിന് വളരെ ഫലപ്രദമായ ഒരു കൂട്ടാണ് ഒതളങ്ങയും ഒരുവേരനും സമം അരച്ചു ചേര്‍ത്ത് കലക്കി ചെടിയുടെ ചുവട്ടില്‍ ഒഴിച്ചാല്‍ നെമറ്റോഡ് വളരെ പെട്ടന്നെ ഇല്ലാതെയാക്കാം. ട്രൈക്കോകാര്‍ഡ് പാവല്‍, പയര്‍ ഇലകളില്‍ തുക്കിയിട്ടാല്‍ ട്രൈക്കോകാര്‍ഡില്‍ നിന്ന് വിരിഞ്ഞുണ്ടാകുന്ന മിത്രകീടങ്ങള്‍ ശത്രുകീടങ്ങളുടെ മുട്ടകളള്‍ നശിപ്പിക്കുകയും വംശവര്‍ദ്ധന തടയുകയും ചെയ്യും. ഫെറമോണ്‍ട്രാപ്പ് ഉപയോഗിച്ചും കീടനിയന്ത്രണം സാധ്യമാക്കാം. ട്രൈക്കോഡര്‍മ, പീസിലോമൈസസ് എന്നിങ്ങനെ ഒട്ടേറെ ജീവാണുക്കളെയും ബാക്ടീരിയകളെയും കൊണ്ട് കുമിള്‍ രോഗങ്ങളെ അകറ്റിനിര്‍ത്താം. ആഴ്ചയില്‍ ഒരിക്കല്‍ ഗന്ധകം പുകയ്ക്കുന്നത് കൂടരോഗനിയന്ത്രണത്തിന് വളരെനല്ലതാണ്. കൃഷിയിടവും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പുഴുക്കുത്തുള്ള കായ്കള്‍ കുഴിച്ചുമൂടുകയോ, അല്ലെങ്കില്‍ 25 ലിറ്ററിന്റെ ഡ്രമ്മില്‍ പതുതിയോളം ജലം നിറച്ച് പുഴുക്കുത്തുള്ള കായ്കള്‍ ഡ്രമ്മില്‍ നിക്ഷേപിക്കുക. ഒരാഴ്ച കഴിഞ്ഞ് ഡ്രമ്മിലെ ജലം ചെടികളില്‍ സ്‌പ്രേചെയ്തു കൊടുക്കുന്നത് കീടങ്ങളെ അകറ്റും.
ആര്യവേപ്പില, ഉമ്മത്തിന്‍കായ്, ഒരുവേരന്‍, കൊന്നയില ഇവ സമയം എടുത്ത് ചതച്ച് ഒരു ലിറ്റര്‍ ഗോമൂത്രം, 200 ഗ്രാം നല്ല വേപ്പിന്‍പിണ്ണാക്ക,് 1 ലിറ്റര്‍ ജലം എന്നിവയുമായി കലര്‍ത്തി ഒരാഴ്ച അടച്ച് സൂക്ഷിക്കുക. 30 മില്ലി ഒരു ലിറ്റര്‍ ജലത്തില്‍ ചേര്‍ത്ത് സ്‌പ്രേചെയ്യുകയും ചുവട്ടില്‍ ഒഴിച്ചു കൊടുക്കുകയും ചെയ്യുക. കീടരോഗങ്ങള്‍ക്കും ചെടിയുടെ കരുത്തിനും വളരേ ഗുണം ചെയ്യും.
ചെടിച്ചട്ടിയിലെ അളവുകളും കൃഷിചെയ്യാവുന്നവിളകളും
നാലുകിലോ വളക്കൂട്ടുകള്‍ ഉള്‍ക്കൊള്ളുന്ന പാത്രങ്ങളില്‍ കൃഷിചെയ്യാവുന്ന വിളകള്‍ ലെന്യൂസ്, ചീര, കാബേജ്.
20 കിലോ നിറയ്ക്കാവുന്ന പാത്രങ്ങളില്‍ കൃഷിചെയ്യാവുന്ന വിളകള്‍ ടൊമാറ്റോ, മുളക്, വെണ്ട, വഴുതന, കറിവേപ്പില.
30 കിലോ കൊള്ളുന്ന പൊക്കം കുറഞ്ഞ പരന്ന പാത്രങ്ങളില്‍ കൃഷിചെയ്യാവുന്ന കൂട്ടുവിളകള്‍-5 ചുവട് ലന്യൂസ്, 5 ചുവട് ചീര, 2 കാബേജ്.
30 കിലോ കൊള്ളാവുന്ന ചാക്കുകളില്‍ കൃഷിചെയ്യാവുന്ന ഇനങ്ങള്‍-പയര്‍, പാവല്‍, പടവലം, പീച്ചില്‍.
ചെടികള്‍ വേരുകളില്‍ ക്കൂടിമാത്രമല്ല വളങ്ങള്‍ ആഗിരണം ചെയ്യുന്നത്. ഇലകളിലൂടെയും വലിച്ചെടുക്കുന്നുണ്ട്. ചെടിച്ചട്ടികളില്‍ കൃഷിചെയ്യുമ്പോള്‍ പൂവിടല്‍ തുടങ്ങിക്കഴിഞ്ഞാല്‍ സ്‌പ്രേയിംഗ് വഴിയും വളക്കൂട്ടുകള്‍ കൊടുക്കണം. പഞ്ചഗവ്യം 30 മില്ലി ഒരു ലിറ്റര്‍ ജലത്തിലും ഫിഷ് അമിനോ 10 മില്ലി ഒരു ലിറ്ററിലും എഗ്അമിനോ 50 മില്ലി ഒരു ലിറ്ററിലും ആഴ്ചയില്‍ ഒന്ന് സ്‌പ്രേചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9048002625