മുഗ്ലി. അതാണ് അവന്റെ പേര്. വയസ് 12. 2012ല്‍ ലോകത്തിലെ ഏറ്റവും വിരൂപനായ നായയെന്ന പുരസ്കാരം ലഭിച്ച നായ. ഇന്നവന് ലണ്ടനില്‍ താരമാണ്. തെറാപ്പി ഡോഗ് എന്ന വിശേഷണത്തില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സേവനം ചെയ്യുകയാണ് മുഗ്ലി.
ചൈനീസ് ക്രസ്റ്റഡ് ഡോഗ് ഇനത്തില്‍പ്പെട്ട മുഗ്ലി ആറു വര്‍ഷമായി പെറ്റ് തെറാപ്പി രംഗത്തുണ്ട്. കുട്ടികള്‍ക്കായുള്ള വായനാ പദ്ധതികളില്‍ പങ്കെടുക്കുക, ശാരീരിക ന്യൂനതയുള്ള പ്രായമായവരെയും കേള്‍വിക്കുറവുള്ളവരെയും സന്ദര്‍ശിക്കുക തുടങ്ങിയവയാണ് മുഗ്ലിയുടെ ജോലി. കഴിഞ്ഞയാഴ്ച ലണ്ടനില്‍ നടന്ന നാഷണല്‍ പെറ്റ് ഷോയിലാണ് മുഗ്ലിക്ക് അംഗീകാരം ലഭിച്ചത്. വെറും മൂന്നു ദിവസം പ്രായമുള്ളപ്പോള്‍ ഉടമ ഉപേക്ഷിച്ചതാണ് മുഗ്ലിയെ. ഏറ്റവും വിരൂപനായ നായയായി അവന് വളര്‍ന്നു. 2005ല്‍ ബ്രിട്ടനിലെ ഏറ്റവും വിരൂപ നായയ്ക്കുള്ള പുരസ്കാരം നേടിയശേഷമാണ് 2012ല്‍ ലോക പട്ടം കിട്ടിയത്.
റീഡ് ടു ഡോഗ് സ്കീമിലുള്ള സ്കൂളുകള്‍ എന്നും മുഗ്ലി സന്ദര്‍ശിക്കുന്നുണ്ട്. സംസാരിക്കാന്‍ വൈമുഖ്യമുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ് അവന്റെ ദൗത്യം. മൃഗങ്ങളോട് അടുത്തിടപഴകുന്നതു വഴി കുട്ടികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുകയാണ് ഈ പ്രത്യേക ചികിത്സയിലൂടെ ചെയ്യുന്നത്. 2010ല്‍ തെറാപ്പി ഡോഗ് എന്ന സര്‍ട്ടിഫിക്കേഷനും മുഗ്ലിക്കു ലഭിച്ചിട്ടുണ്ട്. സ്വഭാവംകൊണ്ട് മുഗ്ലി തന്നെ അദ്ഭുതപ്പെടുത്തുകയാണെന്ന് ഉടമ ബേവ് നിക്കോള്‍സണ്‍ പറയുന്നു. ആളുകളെ കാണുമ്പോള്‍ അവരെ മനസിലാക്കി ഇടപെടാന്‍ മുഗ്ലിക്ക് പ്രത്യേക കഴിവുണ്ട്. കാഴ്ചയില്ലാത്തവര്‍ക്ക് വഴികാട്ടും, മാനസിക പിരിമുറുക്കത്തിലായിരിക്കുന്നവരെ മനസിലാക്കി അവരെ സന്തോഷിപ്പിക്കാനും മുഗ്ലി മിടുക്കു തെളിയിച്ചിട്ടുണ്ടെന്നും ബോവ് പറഞ്ഞു.
ചില ടിവി പരിപാടികളിലും മുഗ്ലി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചാനല്‍ ഫൈവില്‍ മുട് അഗ്ലി, ബിബിസി വണ്ണില്‍ റോണീസ് ആനിമല്‍ ക്രാക്കേഴ്സ്, സ്കൈ വണ്ണില്‍ എ ഡിഫറന്റ് ബ്രീഡ് എന്നിവയാണ് മുഗ്ലി പ്രത്യക്ഷപ്പെട്ട പ്രശസ്ത ടിവി പരിപാടികള്‍.