കൽപ്പറ്റ: കൽപ്പറ്റ നഗരത്തിൽ കാനറാ ബാങ്ക് ജംഗ്ഷനിൽ നിന്നും നിന്നും റോഡ് ഷോ ആരംഭിച്ചത് മുതൽ രാഹുൽഗാന്ധിയുടെ വാഹനത്തിന്റെ പിന്നിൽ ഓടുകയായിരുന്നു സ്നേഹയും സാൻജോയും. കുറേദൂരം ഓടിയതിനുശേഷം ചിലപ്പോഴൊക്കെ വാഹനത്തിന്റെ മുന്നിലെത്തും. ഉറക്കെ രാഹുൽഗാന്ധിയെന്ന് വിളിക്കും.
അങ്ങനെയാണ് ഇവർ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടക്കം മുതൽ കൂടെ ഓടുകയായിരുന്നുവെന്ന് രാഹുലിനൊപ്പം വാഹനത്തിലുണ്ടായിരുന്നവർ അദ്ദേഹത്തോട് പറഞ്ഞു. പുതിയ ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ അദ്ദേഹം വാഹനത്തിൽ നിന്നു കൊണ്ട് അടുത്തേക്ക് വരാൻ അവരോട് ആവശ്യപ്പെട്ടു.
അത്ഭുതത്തോടെ സ്നേഹയും സാൻജോയും വാഹനത്തിനടുത്തേക്ക് വന്നപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചു. എന്നാൽ രാഹുൽ തന്നെ അവരെ വാഹനത്തിലേക്ക് കടത്തിവിടാൻ പറഞ്ഞു. വാഹനത്തിനകത്തു കയറിയ രണ്ടുപേർക്കും അത്ഭുതം! തൊട്ടടുത്ത് നിൽക്കുന്നത് രാഹുൽഗാന്ധി, ചേർത്തുനിർത്തി ചിത്രവുമെടുത്തു. മുട്ടിൽ ആഞ്ഞിലിക്കൽ തോമസിന്റെ മക്കളാണ് സ്നേഹയും സാൻജോയും.