പ്രതിയാക്കപ്പെട്ടവര്‍ക്ക് ആശ്വാസം! രണ്ടാമത്തെ രേഖാചിത്രം പുറത്തുവിട്ടതോടെ സോഷ്യല്‍ മീഡിയ കൊല്ലാക്കൊല ചെയ്തത് നിരവധി പേരെ; ഏറെ തേജോവധം ചെയ്യപ്പെട്ടത് എറണാകുളം സ്വദേശിയായ യുവാവ്

prathidddകൊച്ചി: ജിഷവധക്കേസില്‍ യഥാര്‍ഥ പ്രതി പിടിയിലായതോടെ ആശ്വാസം കൊള്ളുന്നത് രേഖാചിത്രത്തോടുള്ള സാമ്യം കൊണ്ടു കുഴപ്പത്തിലായവരും. പോലീസ് രണ്ടാമത്തെ രേഖാചിത്രം പുറത്തുവിട്ടതോടെ ഇതിനോടു സാമ്യമുള്ള നിരവധി പേരെയാണ് സോഷ്യല്‍ മീഡിയ കൊല്ലാക്കൊല ചെയ്തത്. ഇതില്‍ എറണാകുളം സ്വദേശിയായ യുവാവ് ആണ് ഏറെ തേജോവധം ചെയ്യപ്പെട്ടത്. ഈ യുവാവിന്റെ ചിത്രം പ്രതിയുടെ രേഖാചിത്രവുമായി ചേര്‍ത്തുവച്ചു സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

ഇതോടെ വീടിനു പുറത്തിറങ്ങാന്‍ പറ്റാതായ യുവാവ് ഒടുവില്‍ തന്റെ നിരപരാധിത്വം വെളിപ്പെടുത്താന്‍ മാധ്യമങ്ങളെ നേരിട്ടു കണ്ടു. ഇതുകൂടാതെ നിരവധി പേര്‍ രേഖാചിത്രവുമായുള്ള സാമ്യം മൂലം പോലീസിന്റെ ചോദ്യംചെയ്യലിനു വിധേയരായി. ഇടുക്കിയില്‍നിന്ന് ഇങ്ങനെയൊരു യുവാവിനെ നാട്ടുകാര്‍ പോലീസിനു കൈമാറി. ഇങ്ങനെ അമ്പതോളം പേരെക്കുറിച്ചുള്ള വിവരങ്ങളാണ് പലേടത്തുനിന്നും നാട്ടുകാര്‍ പോലീസിനു കൈമാറിയത്. ഇവരില്‍ ചിലരെയൊക്കെ പോലീസ് ചോദ്യം ചെയ്തു. ചിലരെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ സംശയം തോന്നിയവരുടെ രക്തസാമ്പിളുകളും ശേഖരിച്ചു. എന്തായാലും ആസാം സ്വദേശിയായ യുവാവ് കസ്റ്റഡിയില്‍ ആയതോടെ നിരപരാധികളായ ഇവര്‍ക്കെല്ലാം ആശ്വാസമായിരിക്കുകയാണ്.

Related posts