ആലപ്പുഴ: ജില്ലാ പോലീസ് എംപ്ളോയീസ് സഹകരണസംഘം തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് പോലീസുകാർ തമ്മിൽ ഇന്നലെയും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സഹകരണസംഘത്തിലെ രണ്ട് വനിതാ ജിവനക്കാർക്കും ഒരു പോലീസുകാരനും പരിക്കേറ്റു. മൂന്നുപേരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ജീവനക്കാരായ നവലക്ഷ്മി, അശ്വതി, പുളിങ്കുന്ന് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ നവാസ് എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സഹകരണസംഘം ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. 2188വോർമാരിൽ 1699 പേർ വോട്ട് രേഖപ്പെടുത്തി. ലിസ്റ്റിൽ ഉൾപ്പെട്ട 150 പോലീസുകാർക്ക് ശബരിമല ഡ്യൂട്ടിക്ക് പോയതിനാൽ ഇവർക്ക് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇവർ നേരുത്തെ ഹൈക്കോടതിയെ സമീപിച്ചതിനാൽ ഇവർക്കു കൂടി വോട്ട് രേഖപ്പെടുത്തുവാൻ അവസരം നൽകണമെന്ന് റിട്ടേണിംഗ് ഓഫീസറോടും സഹകരണവകുപ്പിനോടും കോടതി നിർദേശിച്ചിരുന്നു. ഇതിനെ തുടർന്ന് ഡ്യൂട്ടിക്ക് പോയ പോലീസുകാർക്കായി നാളെ വോട്ടെടുപ്പ് നടത്താൻ തീരുമാനം.
ഇതിന്റെ ക്രമീകരണത്തിന്റെ ഭാഗമായി റിട്ടേണിംഗ് ഓഫീസർ ഇന്നലെ രാവിലെ സഹകരണസംഘം ഓഫീസിൽ എത്തി. ഈ സമയം എൽഡിഎഫ് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ ഭാരവാഹികളും പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികളും സഹകരണസംഘത്തിൽ എത്തി.
രജിസ്റ്റർ റിട്ടേണിംഗ് ഓഫീസർ പരിശോധിക്കുന്നതിനിടെ അസോസിയേഷൻ ഭാരവാഹികൾ രജിസ്റ്റർ കൈക്കലാക്കൻ ശ്രമിച്ചതാണ് സംഘർഷത്തിന് വഴിയൊരുക്കിയതെന്ന് നിലവിലെ സഹകരണസംഘം ഭാരവാഹികൾ ആരോപിച്ചു. രജിസ്റ്റർ എടുക്കാൻ ശ്രമിച്ചത് തടഞ്ഞ വനിതാ ജീവനക്കാരെ ഭാരവാഹികൾ തള്ളിയിട്ടു. ഇതിനെ ചോദ്യം ചെയ്ത നവാസുമായി ഉന്തുംതള്ളുമുണ്ടായി. പരിക്കേറ്റ മൂന്നുപേരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
തുടർന്ന് വനിതാ ജീവനക്കാരികളും സഹകരണസംഘം ഭാരവാഹികളും അസോസിയേഷൻ ഭാരവാഹികൾക്കെതിരേ ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകി.തങ്ങൾ സഹകരണസംഘത്തിൽ അതിക്രമിച്ച് കയറിയില്ലെന്നും പോലീസുകാർക്ക് നൽകുന്ന തിരിച്ചറിയൽ രേഖകളിൽ കൃതൃമം കാട്ടിയതിനെതിരെ നൽകിയ പരാതി പരിശോധിക്കാൻ എത്തിയ റിട്ടേണിംഗ് ഓഫീസറുടെ ഒപ്പമാണ് വന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
രേഖകൾ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന ആരോപണം തെറ്റാണെന്നും ഭാരവാഹികൾ വ്യക്തമാക്കി. പരിശോധന കാമറയിലേക്ക് പകർത്തിയ പോലീസുകാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് തടയുകയാണ് ചെയ്തത്. ചേരിതിരിവ് രൂക്ഷമായതോടെ സംഭവസ്ഥലത്ത് എത്തി രംഗം ശാന്തമാക്കിയത്. തുടർന്ന് അഡീഷണൽ ഡിവൈഎസ്പി ഇരു വിഭാഗത്തെയും വിളിപ്പിച്ച് താക്കീത് നൽകി വിട്ടയച്ചു.
വോട്ടെടുപ്പ് ദിവസവും പോലീസുകാർ ചേരിതിരിഞ്ഞ് സംഘർഷം ഉണ്ടായി. അന്ന് ഇരു വിഭാഗത്തിലെയും പോലീസുകാർക്ക് പരിക്കേറ്റിരുന്നു. 1993ൽ രൂപീകരിച്ച സംഘം തുടക്കം മുതൽ യുഡിഎഫ് അനുകൂല ഭരണമായിരുന്നു. ഇത്തവണ ഇരുപക്ഷവും തെരഞ്ഞെടുപ്പിൽ സജീവമായതാണ് സംഘർഷത്തിന് വഴിയോരുക്കിയത്. സേനയിൽ അല്ലാത്തവരും പക്ഷം പിടിച്ച് സംഘർഷത്തിൽ പക്ഷം ചേർന്നതായി ആരോപണം.