തിരുവനന്തപുരം : തലസ്ഥാന നഗരിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ജില്ലയില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന ലൈറ്റ് മെട്രോയുടെയും ശ്രീകാര്യം, ഉള്ളൂര്‍, കുമാരപുരം, പട്ടം, തമ്പാനൂര്‍ മേല്‍പ്പാലങ്ങളുടെയും നിര്‍മാണപ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാന്‍ തീരുമാനം. തലസ്ഥാനത്തിന്റെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അഭ്യര്‍ഥന പ്രകാരം പൊതുമരാമത്ത് മന്ത്രി ജി. സുധാരകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ ജനപ്രതിനിധി യോഗത്തിലാണ് നഗരവികസനത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച 400 കോടിയുടെ വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ത്വരിത വേഗം നല്കാന് തീരുമാനിച്ചത്.
തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നതിന് പുതുക്കിയ ബജറ്റില്‍ മേജര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് പ്രൊജക്ടില്‍ വകയിരുത്തിയ തുക ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താമെന്ന് ഡിഎംആര്‍സി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.ബജറ്റില്‍ തുക വകയിരുത്തിയ വിവിധ പദ്ധതികളും പ്രവൃത്തികളും ആരംഭിക്കുന്നതിന് തുടക്കമിട്ട നടപടികള്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും മുന്നില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ഉള്ളൂര്‍, കുമാരപുരം, തമ്പാനൂര്‍ ജംഗഷനുകളില്‍ ഫ്ളൈഓവര്‍ 25 കോടി രൂപയും പട്ടം, പേരൂര്‍ക്കട ജംഗഷനുകളില്‍ അണ്ടര്‍ പാസേജിന്10 കോടിയുംമാണ് വകയിരുത്തിയിരിക്കുന്നത്. ഇവ യഥാസമയം തന്നെ പൂര്ത്തിയാക്കുന്നതിനാശ്യമായ നടപടി ക്രമങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ ഉറപ്പു നല്കി.
ജില്ലയുടെ ഗതാതമേഖലയ്ക്ക് അര്‍ഹമായ പരിഗണന നല്കിയ പുതിയ സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ തുക വകയിരുത്തിയിട്ടുള്ള കരമന കളിയിക്കാവിള രണ്ടാംഘട്ടം 200 കോടി , ശിവഗിരി റിങ്റോഡ് 10 കോടി, പാലോട് ബ്രൈമൂര്‍ റോഡ് 20 കോടി, പൊന്മുടി ബ്രൈമൂര്‍ റോഡ് 10 കോടി, വെഞ്ഞാറമൂട് റിംഗ്് റോഡ് 15 കോടി, പേട്ട ആനയറ ഒരുവാതില്‍ക്കോട്ട റോഡ്, നെടുമങ്ങാട് അരുവിക്കര വെള്ളനാട് റോഡ്, കണിയാപുരം ചിറയിന്‍കീഴ് റോഡ്, മുതലപ്പൊഴി വെട്ടൂര്‍ വര്‍ക്കല നടയറ പാരിപ്പള്ളി റോഡ്, ആലംകോട് മീരാന്‍കടവ് അഞ്ചുതെങ്ങ് മുതലപ്പൊഴി റോഡുകള്‍ക്ക് 10 കോടി വീതവും അനുവദിച്ചിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനവും ഉടന്‍ ആരംഭിക്കുന്നതിന് മന്ത്രിമാര്‍ യോഗത്തില്‍ നിര്‍ദേശം നല്കി.യോഗത്തില്‍ എം എല്‍എമാരായ കെ. മുരളീധരന്, വി .എസ് .ശിവകുമാര്‍, മേയര്‍ വി .കെ. പ്രശാന്ത്, ഡിഎംആര്‍സി, പിഡബ്ല്യൂഡി ഉദ്യോഗഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.