തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ കാലവർഷം തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള നിക്കോബാർ ദ്വീപുകളിലും എത്തി ചേർന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു.
അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലേക്കും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കും എത്തിച്ചേരാൻ സാധ്യതയുണ്ട്.
എന്നാൽ ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ല.
ന്യൂനമർദതത്തിന്റെ സ്വാധീനത്താൽ കേരളത്തിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെ ന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ ശനിയാഴ്ച മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിലും വടക്കൻ ആൻഡമാൻ കടലിനോടു ചേർന്നും ഒരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്.
ഈ ന്യൂനമർദം വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തിപ്രാപിച്ചു തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാനും തുടർന്ന് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ബുധനാഴ്ചയോടെ തീവ്രതയേറി ഒഡിഷ-പശ്ചിമബംഗാൾ തീരത്തു എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്നും നിലവിൽ ഈ പ്രദേശങ്ങളിൽ ആഴക്കടൽ മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യ തൊഴിലാളികൾ ഞായറാഴ്ചയ്ക്കു മുൻപ് തീരത്തെത്തിച്ചേരണമെന്നും ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.