കോന്നി: സ്ഥലം എംഎല്‍എ പോലും അറിയാതെ മന്ത്രിമാര്‍ കോന്നിയിലെ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പദ്ധതികള്‍ പരിശോധിക്കാനുമെത്തു ന്നതിനെതിരെ യുഡിഎഫ് രംഗത്ത്. കോന്നിയില്‍ അടൂര്‍ പ്രകാശ് എംഎല്‍എ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനും അവ സ്വന്തം മണ്ഡലങ്ങളിലേക്ക് കടത്തിക്കൊണ്ടു പോകാനുമാണ് രഹസ്യസന്ദര്‍ശനങ്ങള്‍ സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
കഴിഞ്ഞദിവസം ഭക്ഷ്യമന്ത്രി പി.തിലോത്തമന് കോന്നിയില്‍ സിഎഫ്ആര്ഡിസി സന്ദര്‍ശിച്ചിരുന്നു. വനംമന്ത്രി ഇതിനോടകം നിരവധി തവണ കോന്നിയിലെത്തി. മന്ത്രിയുടെ ഔദ്യോഗിക പരിപാടികളിലും അടൂര്‍ പ്രകാശ് പങ്കെടുത്തിരുന്നില്ല. വനംമന്ത്രിയുടെ രഹസ്യസന്ദര്ശനങ്ങള്ക്ക് ഡിഎഫ്ഒ ഉള്‍പ്പെടെ ചില ഉദ്യോഗസ്ഥര്‍ ഇതിന് ഒത്താശ ചെയ്യുന്നുണ്ടെന്നും യുഡിഎഫ് കോന്നി നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. തുടര്‍ന്നും ഇങ്ങനെ പോയാല്‍ സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും യുഡിഎഫ് വിട്ടുനില്‍ക്കുമെന്നും തീരുമാനിച്ചു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി 30നു പത്തനംതിട്ടയില്‍ നടക്കുന്ന യുഡിഎഫ് മാര്‍ച്ചിലും ധര്‍ണയിലും പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രഫ. ബാബു ചാക്കോയുടെ അധ്യക്ഷതയില്‍ കൂടിയ നേതൃയോഗം അഡ്വ. അടൂര്‍ പ്രകാശ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബാബു ജോര്‍ജ്, മാത്യു കുളത്തിങ്കല്‍, ഹരിദാസ് ഇടത്തിട്ട, സലിം പി. ചാക്കോ, അബ്ദുള്‍ മുത്തലിഫ്, എസ്. സന്തോഷ് കുമാര്‍, പ്രദീപ് കുമാര്‍, ശാന്തിജന്‍ ചൂരക്കുന്നേല്‍, മാത്യു കല്ലേത്ത് എന്നിവര്‍ പ്രസംഗിച്ചു.