കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. പുതുപ്പള്ളി ആർക്കൊപ്പമെന്നതിന്റെ ആദ്യ ഫലസൂചനകൾ എട്ടരയോടെ അറിയൻ കഴിയും.
വോട്ട് എണ്ണുന്ന ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു കൗണ്ടിംഗ് സൂപ്പര്‍ വൈസര്‍, രണ്ടു കൗണ്ടിംഗ് സ്റ്റാഫ് എന്നിവര്‍ ഉണ്ടാകും. രണ്ട് മൈക്രോ ഒബ്സര്‍വര്‍മാരെ കൂടി നിയോഗിച്ചിട്ടുണ്ട്.
182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. 14 മേശകളിലായി 13 റൗണ്ടുകളായാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടെണ്ണല്‍ നടക്കുക. ഒന്നു മുതല്‍ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ തുടര്‍ച്ചയായി എന്ന ക്രമത്തിലായിരിക്കും എണ്ണുക.
ആദ്യ റൗണ്ടില്‍ ഒന്നു മുതല്‍ പതിനാലുവരെയുള്ള ബൂത്തുകളിലെ വോട്ട് എണ്ണും. തുടര്‍ന്ന് പതിനഞ്ചു മുതല്‍ 28 വരെയും. ഇത്തരത്തില്‍ 13 റൗണ്ടുകളായി വോട്ടിംഗ് മെഷീനിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും.
തുടര്‍ന്ന് റാന്‍ഡമൈസ് ചെയ്തു തെരഞ്ഞെടുക്കുന്ന അഞ്ചു വിവി പാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ ഒന്നാം നമ്പര്‍ ടേബിളില്‍ എണ്ണും.
14 ടേബിളുകളിലായി ആകെ 44 കൗണ്ടിംഗ് ഉദ്യോഗസ്ഥരുണ്ടാകും. 80 വയസ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ തന്നെ വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയതിലൂടെ 2491 പേര് വോട്ട് രേഖപ്പെടുത്തിയിരുന്നു.
ഈ വോട്ടുകള്‍ അഞ്ചു മേശകളിലായാണ് എണ്ണുക. സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇടിപിബിഎസ് ബാലറ്റുകള്‍ 138 എണ്ണമാണു വിതരണം ചെയ്തിട്ടുള്ളത്. ഇവ മറ്റൊരു മേശയിലും എണ്ണും.
ഈ ആറുമേശയിലും ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു ഡെസിഗ്നേറ്റഡ് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍, ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, രണ്ടു കൗണ്ടിംഗ് അസിസ്റ്റന്റുമാര്‍ എന്നിങ്ങനെ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
ആറു ടേബിളുകളിലുമായി 30 കൗണ്ടിംഗ് ഉദ്യോഗസ്ഥരുണ്ടാകും. 20 മേശകളിലായി 74 കൗണ്ടിംഗ് ഉദ്യോഗസ്ഥരുണ്ടാകും.
കൗണ്ടിംഗ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 സിഎപിഎഫ് അംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. 12 അംഗ സായുധപോലീസ് ബറ്റാലിയനും കൗണ്ടിംഗ് സ്റ്റേഷന്റെ സുരക്ഷയ്ക്കായുണ്ടാകും.