ശ്രീനഗർ: ലഡാക്കിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് സൈനികർക്ക് വീരമൃത്യു. കാർഗിൽ ജില്ലയിലെ നമിക ലാ ചുരത്തിന് സമീപമായിരുന്നു അപകടം. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കാർഗിൽ-ലേ ദേശീയപാതയിലാണ് സംഭവം.
നിയന്ത്രണം വിട്ട ഹെവി ഡ്യൂട്ടി സൈനിക വാഹനം ഏകദേശം 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. വാഹനം റോഡിൽനിന്ന് തെന്നിമാറിയാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ ജില്ലാ പൊലിസ് സംഘം രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും രണ്ട് സൈനികരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
പോസ്റ്റ്മോർട്ടത്തിനും തുടർനടപടികൾക്കുമായി ഭൗതിക ശരീരങ്ങൾ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ കേസെടുത്ത വാഖ പൊലിസ് അന്വേഷണം ആരംഭിച്ചു.
സമുദ്രനിരപ്പിൽ നിന്ന് 12,139 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നാമിക ലാ പാസ്, പ്രദേശത്തെ ഏറ്റവും അപകടകരവും ബുദ്ധിമുട്ടേറിയതുമായ റോഡ് മാർഗങ്ങളിലൊന്നാണ്.
