ചേര്‍ത്തല: അസമത്വങ്ങള്‍ക്ക് എതിരെ പൊരുതിയ യോദ്ധാവാണു ശ്രീനാരായണ ഗുരുവെന്നും എന്നാല്‍ പലരും ഗുരുവിലെ മഹര്‍ഷിയെ മാത്രമാണു കാണുന്നതെന്നും പ്രഫ. എം.കെ സാനു പറഞ്ഞു. ചേര്‍ത്തല കളവംകോടത്തു സിപിഐ ജില്ലാ കൗണ്‍സില്‍ സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാത്മിക സിദ്ധിയും ആത്മധൈര്യവുമായിരുന്നു ഗുരുവിന്റെ കൈമുതല്‍. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ അരുവിപ്പുറത്തു തുടങ്ങിയ സാഹസിക പോരാട്ടം അവസാന നാള് വരെ തുടര്‍ന്നു.
ഒരു സമുദായത്തില്‍ മാത്രം ഊന്നിയായിരുന്നില്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. എന്നാലിപ്പോള്‍ ഗുരുവിനെ വര്‍ഗ്ഗീയ വാദിയാക്കാന്‍ ശ്രമിക്കുന്നതാണു കാണുന്നത്. ശ്രീ നാരായണ ഗുരു ഉഴുതു മറിച്ച മണ്ണിലാണു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിത്ത് പൊട്ടി മുളച്ചത്. അതുകൊണ്ടു തന്നെ വര്‍ത്തമാനകാലഘട്ടത്തില്‍ ഉയരുന്ന ഇത്തരം വെല്ലുവിളികളെ കമ്യൂണിസ്റ്റുകള്‍ ശക്തമായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍വാഹകസമിതി അംഗം പി.പ്രസാദ്, കെ.എം ചന്ദ്രശര്‍മ, രാജീവ് ആലുങ്കല്‍, എന്‍.എസ്. ശിവപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.