തിരുവനന്തപുരം: ഹൈക്കോടതിയില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ ഭീഷണിപ്പെടുത്തി മടക്കിയയച്ച സംഭവത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്. മാധ്യമപ്രവര്‍ത്തകരോട് അഭിഭാഷകര്‍ കാണിക്കുന്നത് ഗുണ്ടായിസമാണെന്നും സുധീരന് പറഞ്ഞു.
ഹൈക്കോടതിയിലെ സംഭവം കേരളത്തെ ഞെട്ടിച്ചു. മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താന്‍ അഭിഭാഷകര്‍ക്ക് പ്രേരണയാകുന്നത് സര്‍ക്കാര്‍ സമീപനമാണെന്നും സുധീരന് പറഞ്ഞു. ക്രിമിനല്‍ സ്വഭാവമുള്ള അഭിഭാഷകര്‍ക്കെതിരെ നടപടി വേണം. മാധ്യമ സ്വാതന്ത്ര്യത്തെ പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. മാധ്യമ സ്വാതന്ത്രം ഹനിക്കാന്‍ അനുവദിക്കില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടാണ് ഇത്തരം സാഹചര്യങ്ങള്‍ക്ക് വഴിയൊരുക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തടസമില്ലെന്ന അധികൃതരുടെ ഉറപ്പ് കണക്കിലെടുത്തു കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് ഒരുസംഘം അഭിഭാഷകര്‍ ഭീഷണിപ്പെടുത്തി മടക്കിയയച്ചത്. തങ്ങള്‍ക്കു കേസും ജയിലുമൊന്നും പ്രശ്നമല്ലെന്നും എത്രയുംവേഗം ഹൈക്കോടതിക്കു പുറത്തു പോയില്ലെങ്കില്‍ അടിച്ച് ഓടിക്കുമെന്നുവരെ അഭിഭാഷകര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.