പറവൂര്‍: മിനിമം വേതനം നടപ്പാക്കണമെന്നാവശ്യപ്പെട്ടു പറവൂര്‍-വൈപ്പിന്‍ മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ 15 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ദീര്‍ഘദൂര ബസുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദിവസവും 16 മണിക്കൂര്‍ ജോലി ചെയ്യുന്ന ബസ് തൊഴിലാളികളുണ്ട്. ഇവര്‍ക്കു തുച്ഛമായ കൂലിയാണു ലഭിക്കുന്നത്. മിനിമം വേതനം നടപ്പാക്കണമെന്നാവശ്യപ്പെട്ടു ജില്ലാ ലേബര്‍ ഓഫീസര്‍, റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ ചര്‍ച്ച നടത്തിയെങ്കിലും ബസുടമകള്‍ നിഷേധാത്മക നിലപാടാണു സ്വീകരിച്ചതെന്നു സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
പറവൂരില്‍ നടന്ന പ്രതിഷേധയോഗത്തില്‍ വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ചു കെ.സി. രാജീവ്, എം.എ. പ്രസാദ്, കെ.എ. അജയകുമാര്‍, കെ.എസ്. ശ്യാംജിത്ത്, കെ.എസ്. ഷാജു, എം.എസ്. രഞ്ചിത്ത്, ജോയി ജോസഫ്, പറവൂര്‍ ആന്റണി, എ.പി. സന്തോഷ്, വി.പി. പത്രോസ്, ജോണി പണിക്കാടന്‍, എം.എ. രാജു, ഒ.പി അഭിലാഷ്, ടി.പി. ഉണ്ണി, സി.സി. സുബ്രഹ്മണ്യന് എന്നിവര്‍ പങ്കെടുത്തു.