പശുവിനെ കശാപ്പ് ചെയ്ത കേസിൽ മൂന്നു പേർക്കു ജീവപര്യന്തവും ഓരോരുത്തർക്കും 6.08 ലക്ഷം രൂപ വീതം പിഴയും വിധിച്ചിരിക്കുന്നു. ഗുജറാത്തിലാണ് പശുവിനെ കൊന്നതിന് ഇത്ര കഠിനമായ ശിക്ഷ. നൂറുകണക്കിനു മനുഷ്യരെ വന്യജീവികളും തെരുവുനായകളും കൊല്ലുന്നതു തടയാത്ത പ്രാകൃതനിയമം തിരുത്താത്തവരാണ്, മൃഗങ്ങളുടെ പേരിൽ മനുഷ്യരെ ആജീവനാന്തം കൂട്ടിലിടാൻ ഗോഹത്യാ നിയമങ്ങളെ രാകിമിനുക്കി വേട്ടയ്ക്കിറങ്ങിയിരിക്കുന്നത്.
പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയുമൊക്കെ ദൈവദൂഷണ-മത-മതനിന്ദാ നിയമങ്ങൾ ആധുനികലോകത്തിനു ചേർന്നതല്ലെന്നു പറഞ്ഞാൽ അവർ സമ്മതിക്കുമോ? ഇല്ല. ആ മനോനിലയിലേക്കാണ് ചിലർ ഈ മതേതര-ജനാധിപത്യ രാജ്യത്തെയും കെട്ടിവലിക്കുന്നത്. അവർക്കത് അപമാനകരമായി തോന്നില്ല. പക്ഷേ, ബിജെപി സർക്കാരുകൾ മൂർച്ച കൂട്ടിയ ഗോഹത്യ, മതപരിവർത്തന നിരോധന നിയമങ്ങൾ ജനാധിപത്യത്തോടല്ല, മതാധിപത്യത്തോടാണു ചേർന്നുനിൽക്കുന്നതെന്നു തിരിച്ചറിയണം.
ഗോഹത്യ കേസിൽ കാസിം ഹാജി സോളങ്കി, സത്താർ ഇസ്മയിൽ സോളങ്കി, അക്രം ഹാജി സോളങ്കി എന്നിവരെയാണ് ഗുജറാത്തിലെ അമ്രേലി സെഷൻസ് കോടതി ശിക്ഷിച്ചത്. 2023 നവംബർ ആറിന് അമ്രേലി ജില്ലയിലെ ഖട്ട്കിവാഡയിലുള്ള മുഖ്യപ്രതി അക്രം സോളങ്കിയുടെ വീട്ടിൽ റെയ്ഡ് നടത്തി 40 കിലോ ബീഫ് പിടികൂടി.
ഖാസിം സോളങ്കിയെ സംഭവസ്ഥലത്തും മറ്റുള്ളവരെ പിന്നീടും അറസ്റ്റ് ചെയ്തു. 2011ൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കേയാണ് ഗുജറാത്തിൽ ഗോഹത്യക്കെതിരേ കർശന നിയമം പാസാക്കിയത്. 2017ൽ ഭേദഗതി വരുത്തി ജീവപര്യന്തം തടവുകൂടി ചേർത്തു. കോടതിവിധിയെ ‘ചരിത്രപരം’ എന്നാണ് ഗുജറാത്ത് സർക്കാർ വക്താവ് ജിത്തു വഘാനി വിശേഷിപ്പിച്ചത്. “ഗോമാതാവിനെ ഉപദ്രവിക്കുന്ന ഒരാളെയും വെറുതെ വിടില്ലെന്ന ശക്തമായ സന്ദേശമാണിത്,’’ എന്ന് ആഭ്യന്തരമന്ത്രി ഹർഷ് സംഘ്വിയും പ്രതികരിച്ചു.
ബിജെപി ഭരണവും അവർ പുതുക്കിയ ഗോഹത്യാ നിയമവും പോലീസും മറ്റു സർക്കാർ സംവിധാനങ്ങളുമുണ്ടെങ്കിൽ ഇത്തരം ചരിത്രപരമായ വിധികൾ അനായാസമാണ്. പക്ഷേ, ഇവരൊന്നും വിചാരിച്ചാൽ മനുഷ്യരെ നിർബാധം കൊന്നുകൊണ്ടേയിരിക്കുന്ന വന്യജീവികളെയും തെരുവുനായകളെയുമൊന്നും തൊടാനാകില്ല. മനുഷ്യരെ ഉപദ്രവിക്കുന്ന ഒരു മൃഗത്തെയും വെറുതെ വിടില്ലെന്നു പറയാൻ ഒരധികാരിയുമില്ല. അതിനൊന്നും സമയമില്ലാത്തവർ, ഗോഹത്യ-മതപരിവർത്തന നിരോധന നിയമങ്ങളിലൂടെ, സർവമതാശ്ലേഷിയായ രാജ്യത്തെ തങ്ങളുടെ ഇടുങ്ങിയ തൊഴുത്തുകളിൽ കെട്ടാൻ ശ്രമിക്കുകയാണ്.
ഗോഹത്യക്ക് ഇത്ര കഠിനശിക്ഷ രാജ്യത്ത് ആദ്യമാണെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പക്ഷേ, മൃഗത്തെ കൊന്നതിനു ലോകത്ത് മറ്റൊരിടത്തും ആരെയും ജീവപര്യന്തം ശിക്ഷിച്ചതായി കാണുന്നില്ല. അതുകൊണ്ട് ചരിത്രപരമെന്നു ബിജെപി നേതാക്കൾ വിശേഷിപ്പിച്ച ഈ വിധിയിലൂടെ പ്രസിദ്ധിയാണോ കുപ്രസിദ്ധിയാണോ ഇന്ത്യക്കു ജനാധിപത്യലോകം കൽപ്പിക്കുകയെന്നു ചിന്തിക്കുന്നതു നല്ലതാണ്.
സംസ്കാരം എന്നത് മനസിന്റെയും ആത്മാവിന്റെയും വിശാലതയാണെന്നു പറഞ്ഞത്, ഈ രാജ്യത്തെ വർഗീയമുക്തവും ജനാധിപത്യപരവും സാന്പത്തികവുമായി വളർത്തിയെടുക്കാൻ ശ്രമിച്ച പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ്. പരിഷ്കൃതലോകത്തിനു മുന്നിൽ നമ്മുടെ നാടിനെ ശിരസുയർത്തി നിർത്തിയ ആ ഭരണാധികാരിയുടെ ജന്മദിനമായ ഇന്ന് ഈ രാജ്യത്തിന്റെ സംസ്കാരത്തെ കെടുത്തുന്ന ശ്രമങ്ങളാണ് നിർഭാഗ്യവശാൽ കാണേണ്ടിവന്നിരിക്കുന്നത്.
യുക്തിബോധവും പരിഷ്കൃതചിന്തയും അനുവദിച്ചാലും ഇല്ലെങ്കിലും, ഇതര മതസ്ഥരുടെ വികാരങ്ങളെ മാനിക്കുന്നത് പരസ്പര ബഹുമാനമാണ്. ഗോഹത്യ നിരോധിച്ചിരിക്കുന്നിടത്ത് നാം നിയമം മാനിക്കണം. പക്ഷേ, അതു മാനിക്കാത്തവർക്കുള്ള ശിക്ഷാരീതികൾ ആധുനികലോകത്തെ അപഹസിക്കുന്നതാകരുത്.
മോഷ്ടിക്കുന്നവരുടെ കൈ വെട്ടുകയും, നോട്ടംകൊണ്ടു സ്ത്രീകളെ അപമാനിച്ചാൽ കണ്ണ് ചൂഴ്ന്നെടുക്കുകയും, വ്യഭിചാരത്തിനു കല്ലെറിഞ്ഞു കൊല്ലുകയും, മതനിന്ദയ്ക്കു തലയറക്കുകയുമൊക്കെ ചെയ്യുന്ന ശിക്ഷാവിധികൾ ഹമ്മുറാബിയുടെ കാലത്തു മാത്രമല്ല, ഇപ്പോഴുമുണ്ട്. പക്ഷേ, അത്തരം നിയമങ്ങൾ എവിടെയൊക്കെയാണ് സംരക്ഷിക്കപ്പെടുന്നതെന്നു നാം മറക്കരുത്. അവരോടു താദാത്മ്യപ്പെടുകയുമരുത്.
