കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ യുവ നടിയെ ആക്രമിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ എട്ടാം പ്രതി നടന് ദിലീപിനെ വെറുതെ വിട്ടു. ഇയാള്‍ക്കെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ല. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കേസിലെ ആദ്യ ആറു പ്രതികള്‍ കുറ്റക്കാരനാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് ഹണി എം. വര്‍ഗീസ് വിധി പറഞ്ഞു.
കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ ആറു വരെയുള്ള പ്രതികളായ പള്‍സര്‍ സുനി (എന്‍.എസ്. സുനില്‍ 37), നടുവിലേക്കുടി, വേങ്ങൂര്‍, എറണാകുളം, മാര്ട്ടിന് ആന്റണി (33), പുതുശേരി ഹൗസ്,കൊരട്ടി, തൃശൂര്‍, ബി. മണികണ്ഠന് (37), മണപ്പാട്ടിപ്പറമ്പില്‍, തമ്മനം, എറണാകുളം, വി.പി. വിജീഷ് (38), മംഗലശേരി, കതിരൂര്‍, തലശേരി, വടിവാള്‍ സലിം (എച്ച്.സലിം 30), പള്ളിക്കപ്പറമ്പില്‍, ഇടപ്പള്ളി, എറണാകുളം, പ്രദീപ് (31),പഴയനിലത്തില്‍, തിരുവല്ല എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.
ഏഴാം പ്രതിയായ ചാര്‍ലി തോമസ് (51), പൂപ്പാലിയില്‍, ഇരിട്ടി, കണ്ണൂര്‍, എട്ടാം പ്രതി നടന് ദിലീപ് 57 (പി.ഗോപാലകൃഷ്ണന്, പത്മ സരോവരം, ആലുവ), ഒമ്പതാം പ്രതി മേസ്ത്രി സനില്‍ (സനില്‍ കുമാര്‍49), സ്നേഹ ഭവന്, കോഴഞ്ചേരി, പത്താം പ്രതി വി.ഐ.പി ശരത് എന്ന ശരത് നായര്‍ (ദിലീപിന്റെ സുഹൃത്ത്) എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്.
കൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത പള്‍സര്‍ സുനിയടക്കം ആറു പ്രതികള്‍ക്കെതിരേ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് പ്രോസിക്യൂഷന് ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാല്‍, ദിലീപിനെതിരെ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല.
ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസില്‍ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച ചാര്‍ലിയെയും പത്താം പ്രതിയായ ശരത്തിനെയും വെറുതെ വിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് വിചാരണ പൂര്‍ത്തിയാക്കി കേസില്‍ വിധി പറഞ്ഞത്. കേസിലെ പത്താം പ്രതിയായ വിഐപി ശരത് രാവിലെ ഒമ്പതോടെ കേസിലെ എട്ടാം പ്രതി ദിലീപിന്റെ വീട്ടില്‍ എത്തിയിരുന്നു.
തുടര്‍ന്ന് രാവിലെ 9.30 ഓടെ ആലുവയിലെ പത്മസരോവരം വീട്ടില്‍ നിന്ന് കാറില്‍ ദിലീപും സഹോദരന് അനൂപും ശരത്തും കൂടിയാണ് കോടതിയിലേക്കു പുറപ്പെട്ടത്. തൊട്ടുപിറകില്‍ മറ്റൊരു കാറില്‍ ദിലീപിന്റെ സുഹൃത്തുക്കളുമുണ്ടായിരുന്നു. ഇയാള്‍ 10.08 ഓടെ അഭിഭാഷകനായ രാമന് പിള്ളയുടെ ഓഫീസിലെത്തി. അവിടെ അഭിഭാഷകരുമായി ചര്‍ച്ച നടത്തിയ ശേഷം 10.22 ഓടെയാണ് ദിലീപ് കോടതിയിലേക്ക് പുറപ്പെട്ടത്. 10.27 ന് ദിലീപും ശരത്തും ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും നാലാം പ്രതി വി.പി. വിജീഷും ഒരുമിച്ച് അഭിഭാഷകന്റെ വാഹനത്തിലാണ് എത്തിയത്. പത്തു പ്രതികളും വിധി കേള്‍ക്കാന്‍ എത്തിയിരുന്നു.
- സീമ മോഹന്‍ലാല്‍
