കോട്ടയം: ഏത്തക്കായ്ക്കു വിലയിടിഞ്ഞതോടെ കര്‍ഷകര്‍ ദുരിതത്തിലായി. സാമ്പത്തിക പ്രതിസന്ധിക്കിടയിലും കടം വാങ്ങിയും സ്വര്‍ണം പണയംവച്ചുമാണ് കര്‍ഷകര്‍ ഏത്തവാഴ കൃഷിയിറക്കിയത്. സകല വിളകള്‍ക്കും വിലയില്ലാതെ വന്നതോടെ കര്‍ഷകരുടെ അവസാന പ്രതീക്ഷയായിരുന്നു ഏത്തവാഴകൃഷി.
ജില്ലയിലെ ജലലഭ്യത കുറഞ്ഞ പ്രദേശങ്ങളില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വിളവെടുക്കത്തക്ക രീതിയിലാണ് കൃഷിചെയ്യുന്നത് ശബരിമല സീസണ് ആയതിനാല്‍ നല്ല വില ലഭിക്കേണ്ടതാണ്. എന്നാല്‍ ഈ വര്‍ഷം വില 30 രൂപയായി കൂപ്പുകുത്തിയതാണ് കര്‍ഷകര്‍ക്കു തിരിച്ചടിയായത്.
അടുത്ത വര്‍ഷം ജനുവരി പകുതിയോടെ ജില്ലയിലെ ഏത്തവാഴ വിളവെടുപ്പ് പൂര്‍ണമായും തീരും. ഇതോടെ വില കുത്തനെ ഉയരുകയും ചെയ്യും. ഈ സാഹചരൃത്തില്‍ പ്രദേശിക തലത്തില്‍ വലിയ സംഭരണശേഷിയുള്ള ശീതീകരണ സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയാല്‍ വിപണിയില്‍ വിലയുള്ള സമയത്ത് വില്‍പ്പന നടത്താന്‍ കര്‍ഷകര്‍ക്ക് സാധിക്കും.
ഇതുസംബന്ധിച്ചു നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളിൽ സമ്മര്‍ദം ചെലുത്താന്‍ കര്‍ഷക കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്നു കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു.
