കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റേത് ചരിത്ര വിജയമാണെന്നും കോട്ടയത്തെ ജനങ്ങളുടെ നേട്ടമാണെന്നും കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. കോട്ടയം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ പങ്കെടുക്കുകയായിരുന്നു എംഎല്‍എ.
ജില്ലയില്‍ യുഡിഎഫിന് 645 സീറ്റുകള്‍ അധികമായി ലഭിച്ചു. വോട്ടിംഗ് റേറ്റില്‍ 57 ശതമാനം വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. എല്‍ഡിഎഫിന്റെ 418 സീറ്റുകള്‍ 320 ആയി കുറഞ്ഞു. 23 ശതമാനം വോട്ടാണ് എല്‍ഡിഎഫിനു കുറവുണ്ടായത്. വാഗ്ദാനങ്ങള്‍ മാത്രം നല്കിയ ഒമ്പതു വര്‍ഷത്തെ പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ ജനങ്ങള്‍ നിരാശരാണെന്നതിനുള്ള തെളിവും പ്രതിഷേധവുമാണ് പ്രതിഫലിച്ചത്.
അതിദരിദ്രരില്ലെന്ന അവകാശ വാദം മുഴക്കിയവര്‍ കോട്ടയത്ത് ഉച്ചയ്ക്ക് പൊതിച്ചോറിന് കാത്തുനില്‍ക്കുന്നവരെ പോയി കാണണം. കോട്ടയം മെഡിക്കല്‍ കോളജില്‍ സൗജന്യ ചികിത്സ നിലച്ചു. ഓപ്പറേഷന് വേണമെങ്കില്‍ അതിനുള്ള സാമഗ്രികളുമായി എത്തേണ്ട അവസ്ഥയാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി.
ശബരിമല അയ്യപ്പനെ പരാമര്‍ശിച്ചുള്ള പാരഡിഗാനത്തില്‍ യുഡിഎഫിന് പങ്കില്ല. പാരഡി ഗാനം കേട്ടാല്‍ എല്ലാവരും ആസ്വദിക്കും. അല്ലാതെ ഒന്നും സംഭവിച്ചിട്ടില്ല. യുഡിഎഫ് എക്കാലത്തും ഭക്തര്‍ക്കൊപ്പമാണ്. ഒരു പോറ്റിയുടെയും മുമ്പില്‍ കീഴങ്ങിയിട്ടില്ല. സ്വര്‍ണക്കൊള്ളയില്‍ പങ്കുള്ള രണ്ടു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ ഇപ്പോഴും സിപിഎമ്മില്‍ തുടരുകയാണ്.
ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഭയമാണ്. അങ്ങനെയെങ്കില്‍ അന്വേഷണം ഉന്നതരിലേക്ക് എത്തുമോ എന്നാണ് ഭയം.കേരള കോണ്‍ഗ്രസ്-എമ്മിന്റെ പുറകേ യുഡിഎഫ് പോയിട്ടില്ല. ജില്ലയിലെ ഒന്നാംകക്ഷി കോണ്‍ഗ്രസാണ്. യുഡിഎഫിന്റെ ഏറ്റവും വലിയ രാഷ്ട്രീയ വിജയം കോട്ടയത്താണെന്നും അദ്ദേഹം പറഞ്ഞു.
