രാമങ്കരി: കഴിഞ്ഞ പ്രാവശ്യത്തെ പുഞ്ചകൃഷി ഓരുവെള്ളം കയറി നശിച്ചതിനെത്തുടർന്ന് ലഭിക്കേണ്ട നഷ്ടപരിഹാരത്തിന് ഒരുവർഷം പിന്നിട്ടിട്ടും നടപടിയില്ല. അതിനാൽ ഇപ്രാവശ്യം തങ്ങൾ പുഞ്ചകൃഷി ഉപേക്ഷിക്കുകയാണന്ന് പ്രഖ്യാപിച്ച് കർഷകർ.കുട്ടനാട്ടിലെ പ്രധാന കൃഷിഭവനുകളിലൊന്നായ നെടുമുടി കൃഷിഭവന് കീഴിൽ വരുന്ന നിരവധി പാടശേഖരങ്ങളിലെ കർഷകരാണ് ഇക്കുറി പുഞ്ചകൃഷി ഉപേക്ഷിക്കുകയാണെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിട്ടുള്ളത്. പഴയകരി, മുട്ടനാവേലി, പുളിക്കക്കാവ്, മാത്തൂർ, വെണ്ണേലി തുടങ്ങി നൂറ് കണക്കിന് ഹെക്ടർ വരുന്ന പാടശേഖരങ്ങളിലെ കർഷകരാണ് ഇക്കുറി പുഞ്ചകൃഷി ഇറക്കാതെ മാറിനിൽക്കാൻ തയാറായിട്ടുള്ളത്.
കഴിഞ്ഞ പ്രാവശ്യം ആയിരക്കണക്കിന് രൂപ ചെലവിട്ടാണ് ഇവർ കൃഷി ഇറക്കിയിരുന്നത്. വിളവെടുപ്പിന് മുന്നേതന്നെ തോട്ടപ്പള്ളി സ്പിൽവേയിലൂടെ ഓരുവെള്ളം കയറി കൃഷി പൂർണമായും നശിക്കുകയായിരുന്നു. പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ചാൽ ഇൻഷ്വറൻസ് ആനൂകൂല്യം ലഭിക്കുന്നതിന് പണം കൃഷിഭവനുകൾ മുഖേനെ നേരത്തെ തന്നെ നല്കിയിരുന്നെങ്കിലും ഇവർക്ക് നയാപൈസ പോലും നല്കാൻ അധികൃതർ തയാറായിട്ടില്ല.
തങ്ങൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തിനായി ഇനി ഇവർ മുട്ടാൻ വാതിലുകളില്ലെന്നും പറയുന്നു. ഇതു കണക്കിലെടുക്കാതെ ഇപ്രവാശ്യവും പുഞ്ചകൃഷിയുമായി മുന്നോട്ടുപോയാൽ കഴിഞ്ഞതവണത്തെ അനുഭവം ആവർത്തിക്കില്ലെന്ന കാര്യത്തിൽ ഇവർക്ക് യാതൊരു ഉറപ്പുമില്ല. അതിനാൽ ഇക്കുറി പുഞ്ചകൃഷി വേണ്ടന്നുതന്നെയാണ് ഭൂരിഭാഗം പാടശേഖരസമിതികളുടേയും അതോടൊപ്പം തന്നെ കർഷകരുടേയും അഭിപ്രായം.
കഴിഞ്ഞ ഏതാനും വർഷങ്ങളായി മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ അനുഭവപ്പെടുന്ന കനത്തമഴയും വെള്ളപ്പൊക്കവും കാരണം നേരത്തെ തന്നെ കുട്ടനാട്ടിലെ ഭൂരിഭാഗം പാടശേഖരങ്ങളും രണ്ടാം കൃഷി ഉപേക്ഷിച്ചിരുന്നു. ഇതോടെ പേരിന് മാത്രമായി കുട്ടനാട്ടിലെ രണ്ടാം കൃഷി ചുരുങ്ങിയിരുന്നു. ഇപ്പോൾ പുഞ്ചകൃഷി കൂടി ഉപേക്ഷിക്കാൻ കർഷകർ തയാറായതോടെ കുട്ടനാട്ടിൽ നെൽകൃഷിക്കുതന്നെ നിലനിൽപ്പില്ലാത്ത സ്ഥിതിയാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് പറയാം.
കഴിഞ്ഞ പ്രാവശ്യം കാലവർഷവും വെള്ളപ്പൊക്കവും മറ്റും നീണ്ടുനിന്നിരുന്നതിനാൽ വളരെ വൈകിയാണ് രണ്ടാംകൃഷി ഇറക്കാനായത്. ഇപ്പോഴും വിളവെടുപ്പ് തുടരുന്നതും പൂർത്തീകരിച്ചതുമായ പാടശേഖരങ്ങൾ നിരവധിയാണ്. കൃഷിനാശം സംഭവിച്ചാൽ നഷ്ടപരിഹാരം പോലും ലഭിക്കാത്ത സാഹചര്യത്തിൽ തങ്ങൾക്ക് എങ്ങനെയാണ് പുഞ്ചകൃഷിയുമായി മുന്നോട്ട് പോകാനാകുക യെന്നും ഇവർ ചോദിക്കുന്നു.
